ഭജനയ്ക്കെത്തിയ യുവതിയുടെ മരണം: ഇരട്ട സഹോദരി അറസ്റ്റിൽ; കൊലപാതകം തല ഭിത്തിയിലിടിച്ചും ശ്വാസം മുട്ടിച്ചും

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയത് സ്വന്തം ഇരട്ട സഹോദരിയാണെന്ന് തെളിഞ്ഞു. കണ്ണൂർ കുടിലിൽ തലമുണ്ട കറുവ സവിത (45) കൊല്ലപ്പെട്ട സംഭവത്തിൽ, സഹോദരി സജിതയെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച സത്രം മുറിയിൽ സവിതയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
മൃതദേഹ പരിശോധനയിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതോടെയാണ്, നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്ന സഹോദരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സവിതയുടെ തല ഭിത്തിയിൽ ആഞ്ഞടിപ്പിച്ച ശേഷം മുഖത്ത് വെള്ളമൊഴിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി സജിത പോലീസിനോട് കുറ്റം സമ്മതിച്ചു. എന്നാൽ, കൃത്യം നിർവഹിക്കാനുണ്ടായ പ്രകോപനമെന്താണെന്ന് വ്യക്തമല്ല. പെട്ടെന്നുണ്ടായ തോന്നലിൽ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി നൽകിയ മൊഴി.
ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്ഐമാരായ നന്ദു എസ്. നായർ, പൗലോസ്, സുനിൽ സാമുവൽ എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.




