CINEMA

അഞ്ചു മില്യൺ കാഴ്ചക്കാരുമായി സുന്ദര രാവണൻ ചരിത്രം കുറിക്കുന്നു

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന, മോഹൻലാൽ മുഖ്യവേഷത്തിലെത്തുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിലെ ‘സുന്ദര രാവണനേ…’ എന്ന് തുടങ്ങുന്ന പ്രഥമ വീഡിയോ ഗാനം അഞ്ച് ദശലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. മോഹൻലാലും മീര ജാസ്മിനും തമ്മിലുള്ള മനോഹരമായ കെമിസ്ട്രി കോർത്തിണക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ‘മായാരാവണനേ…. മന്മഥമോഹനസുന്ദരനേ.. ലങ്കാ പാലകനേ. സേവകനായകനേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജെക്സ് ബിജോയ് സംഗീതം നൽകിയ ഈ ഗാനത്തിന്റെ ആലാപനം നിർവഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്. ലങ്കയെയും രാവണനെയും കൂട്ടിയിണക്കി കൊണ്ടുള്ള വരികൾക്കൊപ്പം തന്നെ, ആകർഷകമായ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതവും ഈ വീഡിയോയിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായ സബ് ഇൻസ്പെക്ടറുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കുന്ന ‘അതിമനോഹരം’ ഡിസംബർ 24-ന് തിയേറ്ററുകളിൽ എത്തും. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. രതീഷ് രവിയാണ് തിരക്കഥയൊരുക്കുന്നത്. ഷാജികുമാർ ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും നിർവഹിക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണത്തിന് എത്തിക്കുന്നത്. പി.ആർ. ഒ വാഴൂർ ജോസ്.

Business ⏭️

Back to top button