LIFESTYLE

ഖുശ്ബുവിന്റെ സൗന്ദര്യരഹസ്യം: ഓറഞ്ച് തൊലിയും ചോറും ചേർന്ന ഫേസ്‌പാക്കുകൾ


ഖുശ്ബു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ച് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഖുശ്‌ബു സുന്ദർ. അടുത്തിടെ ശരീരഭാരം കുറച്ച് കൂടുതൽ സുന്ദരിയായി മാറിയ ഖുശ്ബുവിന്റെ മാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, തന്റെ സൗന്ദര്യപരിപാലനത്തിന്റെ രഹസ്യങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

നമ്മുടെ അടുക്കളയിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങളും, പഴം-പച്ചക്കറികളുടെ തൊലികളും ഉപയോഗിച്ച് വളരെ ലളിതമായി എങ്ങനെ വീട്ടിൽ വെച്ച് തന്നെ സൗന്ദര്യ സംരക്ഷണം നടത്താം എന്നതിനെക്കുറിച്ച് ഒരു ചാനൽ അഭിമുഖത്തിൽ ഖുശ്ബു മനസ്സ് തുറന്നു. താരം നിർദ്ദേശിക്കുന്ന ചില പ്രകൃതിദത്ത സൗന്ദര്യകൂട്ടുകൾ താഴെ നൽകുന്നു.

ഓറഞ്ച് തൊലി കൊണ്ടുള്ള ഫേസ്‌പാക്ക്

ചർമ്മത്തിന് സ്വാഭാവികമായ തിളക്കം ലഭിക്കുന്നതിനും, വെയിൽ കൊണ്ടുള്ള കരിവാളിപ്പും കറുത്ത പാടുകളും നീക്കം ചെയ്യുന്നതിനും ഓറഞ്ച് തൊലി വളരെ ഫലപ്രദമാണ്. ഓറഞ്ച് തൊലി നന്നായി തിളപ്പിച്ച ശേഷം, ആ വെള്ളത്തിലേക്ക് അല്പം കോൺഫ്ലോർ (ചോളപ്പൊടി), തേൻ, തൈര് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും കൈകളിലും പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.

ഉരുളക്കിഴങ്ങ് ഫേസ്‌പാക്ക്

ഉരുളക്കിഴങ്ങിന്റെ നീര് എടുത്ത് അതിലേക്ക് ബദാം ഓയിലോ, ഒലിവ് ഓയിലോ, അല്ലെങ്കിൽ കഞ്ഞിവെള്ളമോ ചേർത്ത് നന്നായി യോജിപ്പിച്ച് ഫേസ്‌പാക്കായി ഉപയോഗിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയണം.

റൈസ് മാസ്ക്

അല്പം ചോറ് ഒരു പാത്രത്തിലെടുത്ത് അതിലേക്ക് തൈര്, കറ്റാർവാഴ ജെൽ, തേൻ എന്നിവ ചേർത്ത് നന്നായി കുഴച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഫേസ്‌പാക്കായി ഉപയോഗിക്കാം. ചോറിന് പകരമായി അരിപ്പൊടി ഉപയോഗിച്ചും ഈ മാസ്ക് തയ്യാറാക്കാവുന്നതാണ്. ഇതിനു പുറമെ ബീറ്റ്‌റൂട്ട്, കാരറ്റ്, ഏത്തപ്പഴം എന്നിവയുടെ തൊലികൾ ഉപയോഗിച്ചുള്ള ഫേസ്‌പാക്കുകളും ചർമ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണെന്ന് ഖുശ്ബു ചൂണ്ടിക്കാട്ടുന്നു.

Sports ⏭️

Back to top button