കെഎസ്എഫ്ഇ ചിട്ടി തുക എഫ്ഡി നിക്ഷേപവും നികുതിയും; വിദേശത്തേക്ക് പോകുമ്പോൾ പാൻ കാർഡിൽ വരുത്തേണ്ട മാറ്റങ്ങൾ

സർക്കാർ ജീവനക്കാരിയായ ഞാൻ ചിട്ടിയിലൂടെ ലഭിച്ച 7.5 ലക്ഷം രൂപ കെഎസ്എഫ്ഇയിൽ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന്റെ പലിശയ്ക്ക് ടിഡിഎസ് ഈടാക്കുന്ന പരിധി എത്രയാണ്? എന്റെ വാർഷിക വരുമാനം 10 ലക്ഷത്തിൽ താഴെയായതുകൊണ്ട് എനിക്ക് നികുതി ബാധ്യതയില്ല. അതിനാൽ, ഐടി റിട്ടേൺ സമർപ്പിക്കുമ്പോൾ വെട്ടിക്കുറച്ച ടിഡിഎസ് തുക തിരികെ ലഭിക്കുമോ?
ഉത്തരം: കെഎസ്എഫ്ഇ ഒരു ബാങ്ക് അല്ലാത്തതിനാൽ അവിടെ ടിഡിഎസ് പരിധി 10,000 രൂപ മാത്രമാണ്. അതായത്, ഒരു സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പലിശ 10,000 രൂപ കടന്നാൽ ഉടൻ തന്നെ 10% നിരക്കിൽ ടിഡിഎസ് ഈടാക്കാൻ വകുപ്പ് 593 പ്രകാരം വ്യവസ്ഥയുണ്ട്. ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾക്ക് മാത്രമാണ് 50,000 രൂപയുടെ (മുതിർന്ന പൗരന്മാർക്ക് 1 ലക്ഷം) ടിഡിഎസ് പരിധി ബാധകമാകുന്നത്. 7.5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള പലിശ 10,000 രൂപയിൽ കൂടുതലായതുകൊണ്ട് സ്വാഭാവികമായും ടിഡിഎസ് ഈടാക്കും. നിലവിലെ പുതിയ ആദായനികുതി വ്യവസ്ഥ പ്രകാരം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. നിങ്ങളുടെ ശമ്പളവും പലിശ വരുമാനവും കൂട്ടിയാലും നികുതി പരിധിക്ക് താഴെയാണെങ്കിൽ, റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പിടിച്ച ടിഡിഎസ് തുക പൂർണ്ണമായും റീഫണ്ടായി തിരികെ ലഭിക്കുന്നതാണ്. ഫോം 26എഎസ്/എഐഎസിൽ ടിഡിഎസ് തുക പ്രതിഫലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം റിട്ടേൺ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
ചോദ്യം: ജോലി സംബന്ധമായി ഞാൻ വിദേശത്തേക്ക് മാറുകയാണ്. അപ്പോൾ നിലവിലുള്ള പാൻ കാർഡിന്റെ സ്റ്റാറ്റസ് മാറ്റേണ്ടതുണ്ടോ? അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? വിദേശത്തായ ശേഷം നാട്ടിലെ സാമ്പത്തിക ഇടപാടുകൾക്ക് ഈ പാൻ കാർഡ് ഉപയോഗിക്കാൻ സാധിക്കുമോ?
ഉത്തരം: നിങ്ങൾ പ്രവാസിയായി മാറിയാൽ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ പ്രൊഫൈലിലെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ‘നോൺ-റെസിഡന്റ്’ (NRI) എന്ന് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഈ മാറ്റം വരുത്തിയ വിവരം ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ഔദ്യോഗികമായി അറിയിക്കണം. കൂടാതെ, നാട്ടിലുള്ള സേവിങ്സ് അക്കൗണ്ട് എൻആർഒ (NRO) അക്കൗണ്ടിലേക്ക് മാറ്റേണ്ടിയും വരും. പ്രവാസിയായാലും, നേരത്തെയുള്ള പാൻ കാർഡ് തന്നെ നാട്ടിലെ നിക്ഷേപങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും തുടർന്നും ഉപയോഗിക്കാവുന്നതാണ്.




