9,000 ഡ്രാഗൺ ഫ്രൂട്ട് തൈകളുടെ കൃഷി; വർഷം 2 കോടി രൂപ വരുമാനം നേടുന്ന വിദ്യ

മഹേഷ് അസബെ
കൃഷി പരാജയമാണെന്ന് വിലപിക്കുന്നവർക്കിടയിൽ, നൂതന ആശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും സമന്വയിപ്പിച്ച് നേട്ടത്തിന്റെ കൊടുമുടിയിലെത്തിയ ഒരു കർഷക കുടുംബത്തിന്റെ കഥയാണിത്. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലുള്ള അക്കോള ഗ്രാമത്തിലെ മഹേഷ് അസബെയും കുടുംബവും ഇന്ന് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ വർഷം തോറും രണ്ട് കോടി രൂപയോളം വരുമാനം നേടി വിസ്മയം തീർക്കുകയാണ്.
പരമ്പരാഗതമായി ചോളമടക്കമുള്ള വിളകൾ കൃഷി ചെയ്തിരുന്ന ഇവർ 2013-14 കാലയളവിലാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. വരൾച്ചയെ അതിജീവിക്കാനും കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ചും കൃഷി ചെയ്യാവുന്ന ഈ വിളയുടെ സാധ്യത തിരിച്ചറിഞ്ഞത് മഹേഷിന്റെ പിതാവാണ്. തുടക്കത്തിൽ ബംഗ്ലാദേശിൽ നിന്ന് ഒൻപത് ലക്ഷം രൂപ മുടക്കി 9,000 തൈകൾ വാങ്ങി മൂന്ന് ഏക്കർ സ്ഥലത്തായിരുന്നു ഇവർ പരീക്ഷണം നടത്തിയത്.
അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ മഹേഷ് കൂടി ഈ രംഗത്തേക്ക് കടന്നുവന്നതോടെ കൃഷിരീതികൾ കൂടുതൽ കാര്യക്ഷമമായി. ഇസ്രായേൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി അവിടുത്തെ ആധുനിക ജലസേചന രീതികളും കൃഷി സാങ്കേതികവിദ്യകളും പഠിച്ച മഹേഷ്, അവ സ്വന്തം തോട്ടത്തിൽ പ്രാവർത്തികമാക്കി. തുള്ളിനന (ഡ്രിപ്പ് ഇറിഗേഷൻ), കുളങ്ങളിൽ വെള്ളം ശേഖരിച്ചു ഉപയോഗിക്കുന്ന രീതി എന്നിവയിലൂടെ ജലദൗർലഭ്യത്തെ ഇവർ അതിജീവിച്ചു. കൂടാതെ, കളനാശിനി തളിക്കുന്നത് ഉൾപ്പെടെയുള്ള ദൈനംദിന ജോലികൾ യന്ത്രവത്കരിച്ചതും വലിയ നേട്ടമായി.
മൂന്ന് ഏക്കറിൽ തുടങ്ങിയ കൃഷി ഇന്ന് ‘രുക്മിണി ഫാംസ്’ എന്ന പേരിൽ 60 ഏക്കറിലേക്ക് വളർന്നു പന്തലിച്ചു കഴിഞ്ഞുവെന്ന് മഹേഷ് പറയുന്നു. ഡ്രാഗൺ ഫ്രൂട്ടിന് പുറമെ സീതപ്പഴം, പേരയ്ക്ക, മാതളനാരങ്ങ തുടങ്ങിയവയും ഇവിടെ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നിന്ന് മാത്രം 1.25 കോടി രൂപ ലഭിക്കുമ്പോൾ, മറ്റു പഴവർഗങ്ങളിൽ നിന്നുള്ള വരുമാനം കൂടി ചേരുമ്പോൾ മൊത്തം ലാഭം രണ്ട് കോടി രൂപയിൽ എത്തുന്നു. കൃത്യമായ ആസൂത്രണവും കഠിനാധ്വാനവുമുണ്ടെങ്കിൽ കാർഷിക മേഖലയിൽ നിന്ന് വൻ വിജയം കൊയ്യാനാകുമെന്ന് ഈ കർഷക കുടുംബം നമുക്ക് കാണിച്ചുതരുന്നു.




