SPORTS

ദ്രാവിഡിന്റെയും സേവാഗിന്റെയും മക്കൾ ടീമിൽ, എന്നിട്ടു വൈഭവ് സൂര്യവംശിക്ക് ഇടമില്ല; ചർച്ചയായി സെലക്ഷൻ, പക്ഷേ കാരണമുണ്ട്..


മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ അണ്ടർ-19 ടീമിനെ ബിസിസിഐ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗും ഏകദിന ടീമിൽ ഇടംപിടിച്ചിരുന്നു. ഓസ്‌ട്രേലിയ അണ്ടർ-19 ടീമിനെതിരായ പരമ്പരയിലെ 3 ഏകദിന മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരുമുള്ളത്. ഒന്നിലധികം അണ്ടര്‍ 19 ലോകകപ്പുകളില്‍ പങ്കെടുക്കുന്നതിന് 2016 മുതലാണ് താരങ്ങള്‍ക്ക് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. ഈ നിയമത്തെ തുടര്‍ന്ന് 2018ല്‍ ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിന് അണ്ടര്‍ 19 ലോകകപ്പ് കളിക്കാനായില്ല. അതിന് മുന്‍പ് സര്‍ഫറാസ് ഖാന്‍, സന്ദീപ് ശര്‍മ, വിജയ് സോള്‍ എന്നിവര്‍ക്കും പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം നേരത്തേ തന്നെ വൈഭവ് സൂര്യവംശി അണ്ടര്‍ 19 ലോകകപ്പ് കളിച്ചതിനാല്‍ മറ്റൊന്നില്‍ കളിക്കുക ചട്ടപ്രകാരം സാധ്യമല്ല. ഇക്കാരണത്താലാണ് അണ്ടർ 19 ടീമിൽനിന്ന് താരത്തെ ഒഴിവാക്കിയത്. ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി മറ്റു താരങ്ങളെ ടീമിലുൾപ്പെടുത്തുകയും ചെയ്തു.ഏകദിന ടീമിനെ ഉത്തരാഖണ്ഡ് താരം ലക്ഷ്യ റായ്ചന്ദനി നയിക്കും. മധ്യപ്രദേശ് താരം യഷ്ബര്‍ദന്‍ ചൗഹാനാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റില്‍ ചൗഹാന്‍ ക്യാപ്റ്റനും റായ് ചന്ദാനി വൈസ് ക്യാപ്റ്റനുമാണ്. ഏകദിനത്തിനുള്ള ടീമിലാണ് ഓള്‍റൗണ്ടറായി സേവാഗിന്‍റെ മകന്‍ ആര്യവീറും വിക്കറ്റ് കീപ്പര്‍ ബാറ്ററായി അന്‍വയ്‌യും ഇടം പിടിച്ചത്. ഡല്‍ഹി പ്രിമിയര്‍ ലീഗില്‍ വെസ്റ്റ് ഡല്‍ഹി ലയണ്‍സ് താരമാണ് ആര്യവീര്‍. അന്‍വയ്‌യാകട്ടെ അണ്ടര്‍ 19 ല്‍ ശ്രീലങ്കയ്ക്കെതിരെ രണ്ട് ഏകദിനങ്ങള്‍ കളിക്കുകയും 101 റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. ഏകദിന പരമ്പര ഇന്ത്യ തോറ്റെങ്കിലും ലങ്കയില്‍ നടന്ന ടെസ്റ്റ് ജയിച്ചിരുന്നു.


Auto ⏭️

Back to top button