SPORTS
കോടികളെറിഞ്ഞ് മുംബൈ നഗരത്തിൽ വീട് വാങ്ങി വിരാട് കോലിയും അനുഷ്കയും, ഇന്ത്യയിലേക്കു മടങ്ങിയെത്തുമോ?

മുംബൈ∙ ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയും അനുഷ്ക ശർമയും ഇന്ത്യയിലേക്കു മടങ്ങിയെത്തുമോ? സമൂഹമാധ്യമങ്ങളിൽ ആരാധകർ ചോദിക്കുന്ന ചോദ്യമാണിത്. ഇന്ത്യയിൽ കോടികളുടെ സ്വത്തുക്കളുള്ള കോലി, മുംബൈയിൽ ആഢംബര വസതി വാങ്ങിയതാണ് ആരാധകരുടെ സംശയത്തിനു കാരണം. മുംബൈയിലെ വെർസോവയിലാണ് 18.29 കോടി രൂപ മൂല്യമുള്ള 2,644 സ്ക്വയർ ഫീറ്റുള്ള വീട് കോലിയും ഭാര്യ അനുഷ്ക ശർമയും സ്വന്തമാക്കിയത്. അന്ധേരി വെസ്റ്റിലെ റസിഡൻഷ്യല്‍ പ്രോജക്ടിന്റെ ഭാഗമാണ് ഈ വീടും. 2016ൽ മുംബൈയിൽ വീട് വാങ്ങാൻ ശ്രമിച്ച കോലി, അന്നത് വലിയ ചർച്ചയായതോടെ തീരുമാനത്തിൽനിന്ന് പിൻവാങ്ങിയിരുന്നു. 7,171 സ്ക്വയർഫീറ്റിൽ വരുന്ന നാലു കിടപ്പുമുറികളുള്ള വീടാണ് കോലി അന്നു വാങ്ങാൻ ശ്രമിച്ചത്. ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ 35–ാം നിലയിലുള്ള വീടിന് 34 കോടി രൂപയായിരുന്നു വില. കോലിക്കും അനുഷ്കയ്ക്കും ഇന്ത്യയില്‍ ഗുരുഗ്രാം, അലിബാഗ് എന്നിവിടങ്ങളിലും ഭൂമിയും വീടുകളുമുണ്ട്. വെസ്റ്റ് ഡൽഹി സ്വദേശിയായ കോലിക്ക് ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 1 ല്‍, 10,000 സ്ക്വയർഫീറ്റ് വീടാണുള്ളത്. 80 കോടി രൂപ മൂല്യമുള്ള വീട്ടിൽ സ്വിമ്മിങ് പൂൾ, ജിം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
Auto ⏭️


