വൈദ്യുതി കരാർ റദ്ദാക്കിയത് അന്വേഷിക്കണം

കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി കിട്ടുന്ന കരാർ മുൻ ഇടതുസർക്കാർ റദ്ദാക്കിയത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും 2130 കോടിയുടെ നഷ്ടവുമുണ്ടാക്കി. നിലവിലെ വൈദ്യുതി പ്രതിസന്ധിക്കും പവർകട്ടിനും കാരണം അതാണ്. പിണറായി സർക്കാരും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുമാണ് അതിന് ഉത്തരവാദികൾ. ഈ ഒത്തുകളിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കിട്ടുമായിരുന്ന കരാറാണ് റദ്ദാക്കിയത്.
കുമ്മനം രാജശേഖരൻ
ബി.ജെ.പി ദേശീയ നിർവാഹസമിതി അംഗം.
കൈകൾ ശുദ്ധമാണെന്ന്
പറയുന്നതുകൊണ്ട് കാര്യമില്ല
കൈകൾ ശുദ്ധമാണെന്ന് പിണറായി വിജയൻ പറയുന്നതുകൊണ്ട് കാര്യമില്ല. ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണം. കൈകൾ ശുദ്ധമാണെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ടതെന്തിനാണ്. ഇപ്പോഴുള്ളത് വെറും രാഷ്ട്രീയ ആരോപണങ്ങളല്ല. നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട ഗുരുതര വിഷയങ്ങളാണ്. കേരളം ഭരിക്കുന്നത് നട്ടെല്ലുള്ള യു.ഡി.എഫ് സർക്കാരാണ്. അന്വേഷണ ഏജൻസികളോട് രാഷ്ട്രീയ നിർദേശം നൽകുന്ന കാലമല്ല ഇത്. സംഘപരിവാറിന്റെ വാക്ക് കേട്ടല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നത്. ആരെയും സംരക്ഷിക്കുകയോ രാഷ്ട്രീയമായി വേട്ടയാടുകയോ ചെയ്യില്ല. ആരെയും സംരക്ഷിക്കില്ല, ആരെയും രാഷ്ട്രീയമായി വേട്ടയാടില്ല.
കെ.സുധാകരൻ, മുൻ കെ.പി.സി.സി പ്രസിഡന്റ്
(ഫേസ്ബുക് പോസ്റ്റിൽ നിന്ന്)
“ബ്രിക്സ് ” അവസരം മോദി
മനസിലാക്കണം
ചൈനയുമായി ഇന്ത്യക്ക് നല്ല ബന്ധം വേണമെന്ന കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് ശരി വയ്ക്കുന്ന അനുഭവങ്ങളാണ് ബ്രിക്സ് ഉച്ചകോടിയിലെ മോദി -ഷീജിൻപിങ്ങ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായിരിക്കുന്നത്. ചൈനയുമായി യുദ്ധത്തിന്റെ മാർഗമല്ല ചർച്ചകളാണ് വേണ്ടതെന്ന് കമ്മ്യൂണിസ്റ്റുകാർ പാർലമെന്റിനകത്തും പുറത്തും എന്നും പറഞ്ഞിരുന്നു. അതിന്റെ പേരിൽ ബി.ജെ.പി കമ്മ്യൂണിസ്റ്റുകാരെ നിരന്തരമായി അധിക്ഷേപിച്ചു. ഇപ്പോൾ നരേന്ദ്രമോദി ഷീ ജിൻ പിങ്ങിന് കൈ കൊടുക്കുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയം ശരി വയ്ക്കപ്പെടുകയാണ്.
യുദ്ധ വെറി പൂണ്ട അമേരിക്ക സാമ്പത്തിക സൈനിക മേഖലകളിൽ ലോകാധിപത്യം നേടാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ’ഗ്ലോബൽ സൗത്തി’ന്റെ കൂട്ടായ്മ ഒരുക്കാനുള്ള അവസരമാണ് ബ്രിക്സ് ഒരുക്കുന്നത്. ആ രാഷ്ട്രീയാർത്ഥം നരേന്ദ്ര മോദിക്ക് മനസിലാക്കാനാകുമോ എന്നതാണ് ചോദ്യം
ബിനോയ് വിശ്വം
സംസ്ഥാന സെക്രട്ടറി , സി.പി.ഐ


