SPORTS
ബുമ്രയുടെ തീപ്പന്തുകൾക്ക് മുന്നിൽ വിറച്ച് വൈഭവ്, ഫീൽഡിങ് പരിശീലനവും പാളി; നെറ്റ്സിൽ മിന്നി സഞ്ജു; ഇലവനിൽ ആര്? ഉണ്ടാകുമോ സർപ്രൈസ്?

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ഇന്ത്യൻ ടീം മാനേജ്മെന്റ് വലിയ ആശയക്കുഴപ്പത്തിലാണ്. ഓപ്പണിങ് സഖ്യം സംബന്ധിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. ‘വണ്ടർ ബോയ്’ വൈഭവ് സൂര്യവംശിയോ അതോ ‘ലോകകപ്പ് ഹീറോ’ സഞ്ജു സാംസണോ? ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ സഞ്ജുവിന് പകരം വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, അവസാന മത്സരത്തിൽ സഞ്ജുവിനു വേണ്ടി വൈഭവിന് മാറിക്കൊടുക്കേണ്ടി വന്നിരുന്നു. വെള്ളിയാഴ്ച ഇരുതാരങ്ങളും നെറ്റ്സിൽ പരിശീലനം നടത്തി. പരിശീലന വേളയിൽ സഞ്ജുവാണ് കൂടുതൽ മികവ് പുറത്തെടുത്തത്. ദുലീപ് ട്രോഫി മത്സരത്തിന് തൊട്ടുപിന്നാലെ എത്തിയ വൈഭവിന് വൈറ്റ് ബോളുമായി പൊരുത്തപ്പെടാൻ സമയമെടുക്കുന്ന കാഴ്ചയാണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത്. ജസ്പ്രീത് ബുമ്രയുടെ പേസ് ബോളുകൾക്ക് മുന്നിൽ വൈഭവ് വിറയ്ക്കുകയും ചെയ്തു. രാജ്യാന്തര അരങ്ങേറ്റത്തിനു ശേഷം ആദ്യമായാണ് വൈഭവും ബുമ്രയും ഒരുമിച്ച് കളിക്കുന്നത്. യുകെയിൽ നടന്ന ട്വന്റി20 പരമ്പരയിൽ ബുമ്ര ഭാഗമായിരുന്നില്ല; ഏകദിന പരമ്പരയിലാണ് താരം ടീമിനൊപ്പം ചേർന്നത്.വെറും നാല് പന്തുകൾ കൊണ്ട്, മികച്ച പേസ് ബോളിങ് നിരയുള്ള മറ്റു ടീമുകളിൽനിന്നു രാജ്യാന്തര തലത്തിൽ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളുടെ ഒരു സൂചന വൈഭവിന് കാണിച്ചുകൊടുക്കാൻ ബുമ്രയ്ക്കു സാധിച്ചു. യഷ് ഠാക്കൂർ, അർഷ്ദീപ് സിങ് എന്നിവർക്കെതിരെയും വൈഭവ് പതറി. ഫീൽഡിങ് പരിശീലനവും വൈഭവിന് അത്ര മികച്ചതായിരുന്നില്ല. മൂന്നു ക്യാച്ചുകളാണ് താരം ഡ്രോപ് ചെയ്തത്.
Auto ⏭️


