NEWS
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു; 3 മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു

കോഴിക്കോട് ∙ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ എസി സ്ലീപ്പർ ബസ് മൈസൂരുവിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു മരണം. മൈസൂരുവിനു സമീപം പെരിയപട്ടണത്തിലാണ് പുലർച്ചെ 3.45 ന് അപകടം ഉണ്ടായത്. ഇരുവാഹനങ്ങളും ഒരേ ദിശയിൽ പോകുന്നതിനിടെ മുന്നറിയിപ്പില്ലാതെ ലോറി ഡ്രൈവർ അശ്രദ്ധയോടെ വാഹനം ഇടത്തേക്കു വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ രണ്ട് ബസ് ജീവനക്കാരും ഉൾപ്പെടുന്നു.ബസ് ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശി ഷിബിൻ ആദം, കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്(38), ബേപ്പൂർ സ്വദേശി അഫ്താബ്(28) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ബെംഗളൂരുവിൽ നിന്ന് 36 യാത്രക്കാരുമായി കോഴിക്കോട്ടേക്കു പോയ കാവേരി ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഇരുപതിലേറെ പേർക്കു പരുക്കേറ്റു. ഇതിൽ എട്ടു പേരുടെ പരുക്കുകൾ ഗുരുതരമാണ്. ഇവരെ പെരിയപട്ടണത്തിലെയും മൈസൂരുവിലെയും വയനാട് മേപ്പാടിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റു ചിലർ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയപട്ടണയിലെ ആശുപത്രിയിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
Fashion ⏭️




