SPORTS

ബൗണ്ടറി കടത്തിയത് എട്ട് സിക്സുകളും 19 ഫോറുകളും, സെഞ്ചറി നേടിയിട്ടും തൂക്കിയടി തുടർന്ന് സേവാഗിന്റെ മകൻ, പക്ഷേ ടീം തോറ്റു!


വിശാഖപട്ടണം∙ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ‍ ബാറ്റിങ് പ്രകടനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗ്. വിനു മങ്കാദ് ട്രോഫിയിൽ ഡൽഹി അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായ ആര്യവീർ ചണ്ഡീഗഡിനെതിരായ പോരാട്ടത്തിൽ സെഞ്ചറി നേടി. മത്സരത്തിൽ 143 പന്തുകൾ നേരിട്ട ആര്യവീര്‍ 173 റൺസുമായി തിളങ്ങി. എട്ടു സിക്സുകളും 19 ഫോറുകളുമാണ് വിശാഖപട്ടണത്ത് ആര്യവീർ ബൗണ്ടറി കടത്തിയത്.ആര്യവീറിനു പുറമേ 47 റൺസടിച്ച അർനവ് ബുഗ്ഗ മാത്രമാണ് ഡല്‍ഹി നിരയിൽ കുറച്ചെങ്കിലും തിളങ്ങിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ചണ്ഡീഗഡിനായി ഓപ്പണർ രുപേഷ് യാദവ് സെഞ്ചറി നേടി. 125 പന്തുകളിൽനിന്ന് 167 റൺസാണ് രുപേഷിന്റെ സമ്പാദ്യം. ഓപ്പണർ മീറ്റ് ദഹിയ അർധ സെഞ്ചറി (69 പന്തിൽ 63) സ്വന്തമാക്കി. 36 പന്തിൽ 33 റൺസുമായി ക്യാപ്റ്റൻ എഹിറ്റ് സലരിയയും സ്കോർ കണ്ടെത്തിയതോടെ 41.3 ഓവറിൽ ചണ്ഡീഗഡ് വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ഗ്രൂപ്പ് ഇയിൽ അവസാന സ്ഥാനത്താണ് ഡൽഹിയുടെ സ്ഥാനം.നാലു മത്സരങ്ങൾ കളിച്ച ഡൽഹി ഒരെണ്ണം മാത്രമാണു വിജയിച്ചത്.


Auto ⏭️

Back to top button