NEWS

ലൈംഗിക പീഡന പരാതി: ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ കേസ്

മുംബൈ: പ്രശസ്ത ആത്മീയ പ്രഭാഷകനായ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗികാരോപണവും ഭീഷണിയും ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് പൊലീസ് കേസെടുത്തു. പൂണെ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. 2023-ൽ ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ഇന്ദ്രദേവ് മഹാരാജിന്റെ സേവാധാം ആശ്രമത്തിൽ താമസിക്കവേ ഇയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും, പിന്നീട് വിഡിയോ കോളുകളിലൂടെ അശ്ലീലമായ കാര്യങ്ങൾക്ക് നിർബന്ധിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. എന്നാൽ ഈ ഗുരുതര ആരോപണങ്ങളോട് ഇന്ദ്രദേവ് മഹാരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരാതിക്കാരിയും സാമൂഹിക പ്രവർത്തകരും ചേർന്നു വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ, സമാനമായ ദുരനുഭവം നേരിടേണ്ടി വന്ന മറ്റ് ചില സ്ത്രീകളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും, നിലവിൽ ഒരു എഫ്ഐആർ മാത്രമാണ് അധികൃതർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2023-ൽ വൃന്ദാവനിലെ ആശ്രമത്തിൽ കഴിഞ്ഞിരുന്ന സമയത്ത്, ഒരു രാത്രി വൈകിയ വേളയിൽ തന്നെ തന്റെ മുറിയിലേക്ക് ഇന്ദ്രദേവ് മഹാരാജ് വിളിച്ചുവരുത്തിയെന്ന് യുവതി വ്യക്തമാക്കുന്നു. മുറിയിൽ പ്രവേശിച്ച ഉടൻ തന്നെ വാതിൽ അടച്ച ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആരെങ്കിലും അന്വേഷിച്ചാൽ മരുന്ന് വാങ്ങാൻ പോയതാണെന്ന് കള്ളം പറയാൻ ഇയാൾ ആവശ്യപ്പെട്ടതായും യുവതി മൊഴി നൽകി.

ആശ്രമത്തിൽ നിന്നും തിരികെ വീട്ടിലെത്തിയ ശേഷവും ഫോൺ വഴിയും വിഡിയോ കോളുകളിലൂടെയും പീഡനങ്ങൾ തുടർന്നു. വിഡിയോ കോളിൽ വസ്ത്രം മാറാൻ നിർബന്ധിക്കുകയും ആ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തുന്നു. വിവരങ്ങൾ പുറത്തു പറയുകയാണെങ്കിൽ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്ദ്രദേവ്, ‘ഞാൻ ദൈവമാണ്, പറയുന്നതനുസരിച്ച് ജീവിക്കണം’ എന്ന് പറഞ്ഞ് ഭയപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Fashion ⏭️

Back to top button