സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപാനം: ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ

പാലക്കാട്ടെ സിപിഎം മുതലമട ഒന്നാം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കൾ മദ്യപിച്ച സംഭവം വിവാദമായി. പാർട്ടി ഓഫീസിനുള്ളിൽ പരസ്യമായി മദ്യപിച്ച നേതാക്കളെ മറ്റ് പ്രവർത്തകർ തടഞ്ഞതും വാക്കേറ്റമുണ്ടായതും ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ വലിയ ചർച്ചയായിരിക്കുകയാണ്.
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ, കർശന നടപടിയുമായി ജില്ലാ നേതൃത്വം രംഗത്തെത്തി. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പ്രവർത്തകരായ റഷീദ്, സൂര്യപ്രകാശ് എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞദിവസം പാർട്ടി ഓഫീസിൽ വെച്ച് ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ മദ്യപാനം നടക്കുമ്പോൾ, കൊല്ലങ്കോട് ഏരിയാ കമ്മിറ്റി അംഗം കെ. സിയാവുദ്ദീനും ലോക്കൽ കമ്മിറ്റി അംഗം കെ. വിനേഷും അടക്കമുള്ളവർ ഇതിനെ ശക്തമായി എതിർത്തു. ഇവർ തമ്മിലുണ്ടായ തർക്കവും, പ്രവർത്തകരെ ബ്രിജേഷ് തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാർട്ടി ഓഫീസിനുള്ളിൽ നടന്ന ഈ അച്ചടക്കലംഘനവും തുടർന്നുണ്ടായ പരസ്യപ്രതിഷേധവും പ്രാദേശിക തലത്തിൽ സിപിഎമ്മിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.




