വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഡാന വൈറ്റ്: ഒപ്പം ആറ് ഫൈറ്റർമാരും വരുമോ?

വാഷിങ്ടൻ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഡാന വൈറ്റ് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഇക്കാര്യത്തിൽ ട്രംപുമായി നാളെ നിർണായക ചർച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോണൾഡ് ട്രംപ് പരസ്യമായി തനിക്ക് ജോലി വാഗ്ദാനം ചെയ്തതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് യുഎഫ്സി (അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പ്) മേധാവി പ്രതികരിച്ചത്. തിങ്കളാഴ്ച വാഷിങ്ടനിലെത്തി പ്രസിഡന്റുമായി നേരിൽ കണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇതിനോടകം തന്നെ വാഷിങ്ടനിലേക്കുള്ള യാത്രയിലാണെന്നും ലണ്ടനിൽ ഒരു ബോക്സിങ് പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവേ ഡാന വൈറ്റ് വെളിപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ മിക്സഡ് മാർഷ്യൽ ആർട്സ് പ്രസ്ഥാനമായ യുഎഫ്സിയുടെ തലവനും സിഇഒയുമാണ് ഡാന വൈറ്റ്.
അപാരമായ പോരാട്ടവീര്യമുള്ള ഡാന വൈറ്റിന് യുഎസ് പ്രസ് സെക്രട്ടറി പദവി നൽകുന്ന വിവരം ശനിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സന്തോഷപൂർവം അറിയിച്ചത്. ഡാന, ദയവായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു ട്രംപിന്റെ അഭ്യർഥന. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി നൽകാൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും, ഡാന വൈറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതായിരുന്നു.




