ഉത്തർപ്രദേശിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം 1.74 ലക്ഷം: ആശങ്ക വർധിക്കുന്നു

ലഖ്നോ: ഉത്തർപ്രദേശിൽ ഏകദേശം 1.74 ലക്ഷത്തോളം ആളുകൾക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിൽ 587 പേർ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരാണ്. ഉത്തർപ്രദേശിലെ പൊതുസമൂഹത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതിനിടെയാണ് ജയിലുകളിലെ കണക്കുകളും ഇപ്പോൾ പുറത്തുവന്നത്.
രോഗബാധയുണ്ടെന്ന് കണ്ടെത്തുന്നവർക്ക് കൃത്യമായ ചികിത്സയും പരിശോധനകളും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് രോഗപ്രതിരോധവും ചികിത്സാ ഏകോപനവും നടക്കുന്നത്. രോഗികളെ നേരത്തേ തിരിച്ചറിയുന്നതിനും ആന്റി റിട്രോവൈറൽ തെറപ്പി (ART) തുടങ്ങിയ ചികിൽസകൾ കൃത്യസമയത്ത് നൽകുന്നതിനും പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ജയിലുകളിൽ അന്തേവാസികൾക്കായി സമഗ്രമായ പരിശോധനാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നും, ആവശ്യമായ ആരോഗ്യ പരിചരണങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നവർക്ക് മരുന്നിനൊപ്പം ആവശ്യമായ കൗൺസലിങ് സേവനങ്ങളും നൽകിവരുന്നുണ്ട്.
കഴിഞ്ഞ വർഷം, ജയിലുകളിൽ കഴിയുന്നവരിൽ എച്ച്.ഐ.വി, ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, സി, അതുപോലെ ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി ഒരു വിപുലമായ ക്യാമ്പയിന് തുടക്കമിട്ടിരുന്നു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ആരോഗ്യവകുപ്പും ജയിൽ വകുപ്പും സംയുക്തമായാണ് ഈ പരിശോധനകൾ പൂർത്തിയാക്കിയത്. രോഗാവസ്ഥകൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം.
ജയിലുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മഥുരയാണ് പട്ടികയിൽ ഒന്നാമത്; ഇവിടെ 48 തടവുകാർക്ക് എച്ച്.ഐ.വി ബാധയുണ്ട്. സഹാറൻപൂരിൽ 42 പേരും മൊറാദാബാദിലും ഗൗതം ബുദ്ധ നഗറിലും 41 വീതം തടവുകാരും ഈ രോഗാവസ്ഥയിലുണ്ട്. ഗാസിയാബാദിൽ 36 പേരും ലഖ്നോവിൽ 32 പേരുമാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗബാധിതരായ തടവുകാരെ ജയിലുകളിൽ പ്രത്യേക ബാരക്കുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കാൻ മെഡിക്കൽ സംഘത്തിന്റെ സന്ദർശനം പതിവാക്കിയിട്ടുണ്ട്. എ.ആർ.ടി കേന്ദ്രങ്ങൾ വഴി മരുന്നുകൾ മുടങ്ങാതെ നൽകുന്നുണ്ടെന്നും അധികൃതർ ഉറപ്പുനൽകുന്നു.




