LIFESTYLE

വാഹനരഹിത നഗരമായി മാക്കിനോ

അമേരിക്ക എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ ചിന്തകളിലേക്ക് ഓടിയെത്തുന്നത് അതിവിശാലമായ ഹൈവേകളും അതിലൂടെ അതിവേഗം കുതിക്കുന്ന വാഹനങ്ങളുമാണ്. എന്നാൽ, ഈ കാഴ്ച്ചകൾക്കൊന്നും ഒട്ടും യോജിക്കാത്ത ഒരിടമുണ്ട് അമേരിക്കയിൽ. എൻജിനുകളുടെ ഇരമ്പലോ ഹോണുകളുടെ ശബ്ദമോ ഇല്ലാത്ത മാക്കിനോ എന്ന കൊച്ചുദ്വീപ്. റോഡുകളിൽ വാഹനങ്ങൾക്ക് പകരം കുതിരവണ്ടികളും സൈക്കിളുകളുമാണ് ഇവിടെ രാജാക്കന്മാർ. മിഷിഗൺ തടാകത്തിനും ഹ്യൂറോൺ തടാകത്തിനും ഇടയിലുള്ള മാക്കിനാക് കടലിടുക്കിലാണ് ഈ മനോഹരമായ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആധുനികതയുടെ പടവുകൾ കയറുമ്പോഴും തങ്ങളുടെ പാരമ്പര്യത്തെയും പഴമയെയും കൈവിടാൻ ഈ ജനത തയ്യാറായിട്ടില്ല. ഏകദേശം 11.3 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ മണ്ണിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്. വനപ്രദേശങ്ങളും ചുണ്ണാമ്പുകല്ലുകൾ കൊണ്ട് തീർത്ത വിസ്മയകരമായ പാറക്കെട്ടുകളും ഒക്കെയായി പ്രകൃതിയുടെ അനുഗ്രഹം ഇവിടെ നിറഞ്ഞുനിൽക്കുന്നു. സാങ്കേതികവിദ്യ സർവ്വവ്യാപിയായ ഇന്നത്തെ ലോകത്ത്, വ്യത്യസ്തമായൊരു ജീവിതശൈലിയിലൂടെ മാക്കിനോ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു.

ഒരു കാർ വരുത്തിയ മാറ്റം

വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നിൽ രസകരവും എന്നാൽ ഗൗരവകരവുമായ ഒരു ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിൽ മോട്ടോർ വാഹനങ്ങളുടെ ഉപയോഗം വ്യാപകമായി തുടങ്ങിയിരുന്നു. 1898-ൽ ആദ്യമായി മാക്കിനോ ദ്വീപിലെത്തിയ ഒരു കാർ തെരുവിലൂടെ കടന്നുപോയപ്പോൾ, അതിന്റെ ശബ്ദം കേട്ട് കുതിരകൾ പരിഭ്രാന്തരായി. കുതിരകളുടെ സുരക്ഷയെ കരുതിയും ശബ്ദമലിനീകരണം ഭയന്നും അവിടുത്തെ കുതിരവണ്ടി തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെത്തുടർന്ന് മോട്ടോർ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട് 1901-ൽ ദ്വീപിലെ സ്റ്റേറ്റ് പാർക്കുകളിലേക്കും ഈ വിലക്ക് വ്യാപിച്ചു. അങ്ങനെ ഒരു നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ഇന്നും വാഹനരഹിത ദ്വീപായി മാക്കിനോ തുടരുന്നു.

500 സ്ഥിരതമസക്കാർ

ഏകദേശം അഞ്ഞൂറുമുതൽ അറുന്നൂറ് വരെ ആളുകൾ മാത്രമാണ് ഈ ദ്വീപിലെ സ്ഥിരതാമസക്കാർ. എന്നാൽ വേനൽക്കാലമായാൽ അഞ്ഞൂറിലധികം കുതിരകൾ ഈ ദ്വീപിന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറും. യാത്രാമാർഗ്ഗങ്ങൾക്കും സാധനങ്ങളുടെ ചരക്കുനീക്കത്തിനും സഞ്ചാരികളെ ദ്വീപ് ചുറ്റിക്കാണിക്കാനുമെല്ലാം ആശ്രയം കുതിരവണ്ടികൾ തന്നെയാണ്. പലചരക്കുകൾ മുതൽ നിർമ്മാണ സാമഗ്രികൾ വരെ കുതിരവണ്ടികളിലാണ് ഓരോ ഇടത്തും എത്തിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഈ ദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെയും സംസ്കാരത്തെയും നിലനിർത്തുന്നത് കുതിരകളാണ്. ദ്വീപിന്റെ ചരിത്രപ്രധാനമായ ഇടങ്ങളിലൂടെ സഞ്ചരിക്കാൻ സഞ്ചാരികൾക്കായി പ്രത്യേക കുതിരവണ്ടി സവാരികളും ലഭ്യമാണ്. യാത്രയിൽ ഒപ്പമുള്ള ഗൈഡുകൾ ദ്വീപിന്റെ വിശേഷങ്ങൾ സഞ്ചാരികൾക്ക് വിവരിച്ചു നൽകുകയും ചെയ്യും.

സൈക്കിളിൽ ദ്വീപ് ചുറ്റാം

സൈക്കിൾ ചവിട്ടാൻ ഇഷ്ടപ്പെടുന്നവർക്ക് ഇവിടം ഒരു സ്വർഗ്ഗമാണ്. ദ്വീപിനെ ചുറ്റിയുള്ള എട്ടു മൈൽ ദൈർഘ്യമുള്ള ലേക്ക് ഷോർ ബൊളിവാർഡ് സൈക്കിൾ പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ്. എം185 എന്നറിയപ്പെടുന്ന ഈ പാതയിൽ മോട്ടോർ വാഹനങ്ങൾക്ക് പൂർണ്ണമായ വിലക്കുള്ള അമേരിക്കയിലെ ഏക സ്റ്റേറ്റ് ഹൈവേയാണിത്. തടാകത്തിന്റെ മനോഹാരിത നുകർന്നുകൊണ്ട് സൈക്കിൾ ചവിട്ടി ദ്വീപ് മുഴുവൻ കറങ്ങാം. തിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ റോളർ സ്‌കേറ്റിംഗിനും ഇവിടുത്തെ അധികൃതർ അനുവാദം നൽകുന്നുണ്ട്.

ബോട്ടിൽ വന്നാൽ മാത്രം പ്രവേശനം

ബോട്ടുകളിലോ ചെറുവിമാനങ്ങളിലോ കൂടി മാത്രമേ ഈ ദ്വീപിലേക്ക് എത്തിച്ചേരാൻ കഴിയൂ. മാക്കിനോ സിറ്റിയിൽ നിന്നും സെന്റ് ഇഗ്‌നേസിൽ നിന്നും ഫെറി സർവീസുകൾ ലഭ്യമാണ്. ശൈത്യകാലത്ത് തടാകത്തിലെ കനത്ത മഞ്ഞും കാലാവസ്ഥാ വ്യതിയാനങ്ങളും യാത്രയെ തടസ്സപ്പെടുത്താറുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസുകൾക്കും പൊലീസ് വാഹനങ്ങൾക്കും അഗ്‌നിരക്ഷാ സേനയ്ക്കും ദ്വീപിൽ പ്രത്യേക അനുമതിയോടെ പ്രവർത്തിക്കാൻ സൗകര്യമുണ്ട്. കൂടാതെ, ദ്വീപിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ചില പ്രത്യേക വാഹനങ്ങൾക്കും ഇവിടെ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

Sports ⏭️

Back to top button