NEWS

വയനാടിന്റെ യാത്രാസ്വപ്നം: കൽപ്പറ്റ-കോഴിക്കോട് റെയിൽപ്പാതയിലൂടെ 25 മിനിറ്റിൽ 800 പേർക്ക് യാത്ര ചെയ്യാം

പ്രതീകാത്മക ചിത്രം

വയനാടിന്റെ ചിരകാലാഭിലാഷമായ റെയിൽവേ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന പ്രഖ്യാപനവുമായി ഇ. ശ്രീധരൻ. യാത്രാക്ലേശത്തിൽ വലയുന്ന മലയോര ജനതയ്ക്ക് പുതിയൊരു പ്രതീക്ഷാകിരണമായി അതിവേഗ പാതയുടെ അവതരണം മാറി. ഈ പദ്ധതിയുടെ പ്രാരംഭരൂപരേഖ തയ്യാറാക്കി അധികൃതർ സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. വയനാട്- കോഴിക്കോട് റൂട്ടിലായിരിക്കും അതിവേഗ പാതയുടെ പ്രഥമഘട്ടം യാഥാർത്ഥ്യമാക്കുകയെന്നാണ് ഡി.എം.ആർ.സിയുടെ പ്രഖ്യാപിത ലക്ഷ്യം. പാതയുടെ പാരിസ്ഥിതിക ആഘാതങ്ങളും സാമ്പത്തിക ലാഭങ്ങളും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഇ. ശ്രീധരൻ വിശദീകരിച്ചു. പദ്ധതി സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഇവിടെ അവസരമുണ്ടായിരുന്നു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ നടന്ന പരിപാടിയിൽ, തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയുടെയും അതിന്റെ ഭാഗമായുള്ള കോഴിക്കോട്-സുൽത്താൻ ബത്തേരി ശാഖയുടെയും സാങ്കേതിക വശങ്ങൾ അദ്ദേഹം സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

എൽ.ഡി.എഫ് സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്ക് ലക്ഷം കോടി രൂപയോളം ചെലവ് വരുമെന്നിരിക്കെ, ഡി.എം.ആർ.സി മുന്നോട്ടുവെക്കുന്ന രൂപരേഖ പ്രകാരം അത് 60,000 കോടിയായി ചുരുക്കാം. ബ്രോഡ് ഗേജിന് പകരം അതിവേഗത്തിന് അനുയോജ്യമായ സ്റ്റാൻഡേർഡ് ഗേജ് സ്വീകരിക്കുന്നതിലൂടെ നിർമ്മാണച്ചെലവിന്റെ 30 ശതമാനം ലാഭിക്കാൻ സാധിക്കും. തിരുവനന്തപുരം നഗരപ്രദേശങ്ങളിലൊഴികെ, പാതയുടെ ഭൂരിഭാഗവും മേൽപ്പാലങ്ങളിലൂടെയായിരിക്കും കടന്നുപോകുക. 30 മീറ്റർ ഇടവിട്ട് തൂണുകൾ സ്ഥാപിക്കുന്ന രീതിയിൽ നിർമ്മാണം നടത്തുമ്പോൾ 20 മീറ്റർ വീതിയിൽ മാത്രമേ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നുള്ളൂ. നിയമപ്രകാരമുള്ള നഷ്ടപരിഹാരം ഉടമകൾക്ക് ലഭിക്കുമെന്നതിലുപരി, പാതയുടെ നിർമ്മാണം പൂർത്തിയായാൽ ഭൂമി അവർക്ക് തിരികെ നൽകുകയും അവിടെ കൃഷി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുകയും ചെയ്യും.

 ഊർജ്ജസ്വലമായ പാത

ഈ റെയിൽപാത കേവലം ഗതാഗതമാർഗ്ഗം മാത്രമല്ല, ഒരു പവർഹൗസ് കൂടിയായിരിക്കും. പാതയിലുടനീളം സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ഡിസൈൻ. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് പീക്ക് സമയങ്ങളിൽ വിറ്റഴിക്കുന്നത് വഴി വരുമാനത്തിൽ വൻ വർധനവുണ്ടാകും. കിലോമീറ്ററിന് 2 രൂപ എന്ന നിരക്കിൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സഞ്ചരിക്കാം. കണ്ണൂരിൽ നിന്ന് 3 മണിക്കൂർ 20 മിനിറ്റിലും കോഴിക്കോട് നിന്ന് 2 മണിക്കൂർ 40 മിനിറ്റിലും തിരുവനന്തപുരത്തെത്താൻ സാധിക്കും. കോഴിക്കോട്-എറണാകുളം യാത്ര വെറും ഒരു മണിക്കൂർ അഞ്ച് മിനിറ്റായി ചുരുങ്ങും. കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിത്. കോഴിക്കോട് നിന്ന് വിമാനത്താവളത്തിലേക്കുള്ള ദൂരം വെറും 10 മിനിറ്റാണ്. വയനാടിന്റെ യാത്രാദുരിതം നേരിൽ കണ്ട് ഡി.എം.ആർ.സി നടത്തിയ പഠനത്തിൽ, ഈ റൂട്ടിൽ പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ സഞ്ചരിക്കുന്നുണ്ടെന്നും പാത അങ്ങേയറ്റം പ്രായോഗികമാണെന്നും തെളിഞ്ഞു. മൈസൂരു വരെയുള്ള ഭാവി വിപുലീകരണം കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിന് ബംഗളൂരുവുമായുള്ള ബന്ധം അതിവേഗത്തിലാകും.

 20 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കപാത

കൊടുവള്ളി, അടിവാരം, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ. അടിവാരത്തിനും കൽപ്പറ്റയ്ക്കുമിടയിൽ 20 കിലോമീറ്റർ നീളത്തിൽ അത്യാധുനിക ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ചുള്ള ഇരട്ട തുരങ്കപാത ഒരുക്കും. രണ്ട് വർഷത്തിനുള്ളിൽ ഈ നിർമ്മാണം പൂർത്തിയാക്കാം. ഏകദേശം 150 രൂപയ്ക്കുള്ളിൽ കോഴിക്കോട് നിന്ന് ബത്തേരിയിലെത്താം. ഒരു ട്രെയിനിൽ 800 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. രോഗികൾക്ക് വേണ്ടി പ്രത്യേക സൗകര്യവും ചരക്ക് നീക്കത്തിനായി റോറോ സൗകര്യവും പാതയിലുണ്ടാകും. സർക്കാരിന്റെ ഖജനാവിന് ഭാരമാകാത്ത രീതിയിലുള്ള സാമ്പത്തിക മാതൃകയാണ് ഇതിന്റെ പ്രത്യേകത. ഏകദേശം 15,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ 60% കേന്ദ്ര-സംസ്ഥാന സർക്കാരുകളും 40% പൊതുജന പങ്കാളിത്തവും വഹിക്കും.

 ഡി.പി.ആർ തയ്യാറാക്കാൻ ആറുമാസം

ആദ്യ നാളുകൾ മുതൽ ലാഭകരമായി പ്രവർത്തിക്കുന്ന പദ്ധതിയായതിനാൽ വായ്പാ തിരിച്ചടവ് എളുപ്പമായിരിക്കും. ഇതിന്റെ ഡി.പി.ആർ തയ്യാറാക്കാൻ 5 കോടി രൂപയും ആറുമാസത്തെ സമയവും ആവശ്യമാണ്. സംസ്ഥാന സർക്കാർ പണം അനുവദിക്കാൻ തയ്യാറായാൽ ഉടൻ തന്നെ നടപടികൾ തുടങ്ങും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാണ് തുരങ്കവും മേൽപ്പാലങ്ങളും നിർമ്മിക്കുക. കൂടാതെ വാഹനങ്ങളുടെ എണ്ണം കുറയുന്നതോടെ കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. മെഡിക്കൽ കോളേജിന് സമീപമുള്ള അരയിടത്ത്പാലമായിരിക്കും കോഴിക്കോട്ടെ സ്റ്റേഷൻ. തുടക്കത്തിൽ അരമണിക്കൂർ ഇടവിട്ടും പിന്നീട് സമയം കുറച്ചും സർവീസുകൾ നടത്താനാണ് തീരുമാനം.

യാത്രക്കാരുടെ സൗകര്യാർത്ഥം കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും നേരിട്ടുള്ള സർവീസുകൾ ഉറപ്പാക്കും. വയനാടിന്റെ വികസനക്കുതിപ്പിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ വേണമെന്ന് ഇ. ശ്രീധരൻ അഭ്യർത്ഥിച്ചു. എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ, ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം. റഷീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Sports ⏭️

Read News ⏭️

Back to top button