NEWS

ജനപ്രതിനിധികൾക്കെതിരെ കർഷകൻ: വീട്ടിൽ വരരുതെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോ വൈറലാവുന്നു

കാട്ടുപന്നി നശിപ്പിച്ച ചീരത്തോട്ടത്തിൽ സുന്ദരൻ

വള്ളികുന്നം: കാർഷിക വിളകൾക്കും മനുഷ്യജീവനും ഒരേപോലെ ഭീഷണിയായി മാറിയിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് നേരെ കണ്ണടയ്ക്കുന്ന വള്ളികുന്നം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. കാട്ടുപന്നികളെ നിയന്ത്രിക്കാനോ അവയെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കാനോ പഞ്ചായത്തോ കൃഷിവകുപ്പോ തയ്യാറാകാത്തതിലാണ് ജനരോഷം ഉയരുന്നത്. വള്ളികുന്നം കടുവിനാൽ വാർഡിലെ കർഷകനായ സുന്ദരന്റെ ചീരത്തോട്ടം പന്നിക്കൂട്ടം പൂർണമായും നശിപ്പിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതരുടെ അനാസ്ഥ വീണ്ടും ചർച്ചയായത്.

കഴിഞ്ഞ കുറെ നാളുകളായി വള്ളികുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. തലമുറകളായി കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് കർഷകരാണ് ഈ ശല്യം കാരണം ദുരിതത്തിലായിരിക്കുന്നത്. പന്നികൾ വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പലരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. വാഴ, ചേമ്പ്, ചീനി, പച്ചക്കറി ഇനങ്ങൾ എന്നിവയെല്ലാം രാത്രികാലങ്ങളിൽ പന്നികൾ കൂട്ടമായെത്തി നശിപ്പിക്കുന്നു. വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വിപണിയിൽ ജൈവ പച്ചക്കറികൾക്കും നാടൻ ഉൽപ്പന്നങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ടെങ്കിലും കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകാൻ പഞ്ചായത്ത് ഭരണസമിതിയോ കൃഷി വകുപ്പോ ഇതുവരെയും തയാറായിട്ടില്ല.

കാട്ടുപന്നി പ്രതിരോധവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് വാർഡ് തലത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കുകയും കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ല. മുൻകാലങ്ങളിൽ പന്നികളുടെ ആക്രമണത്തിൽ പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ, അന്ന് ഭരണസമിതി ഷൂട്ടർമാരെ നിയോഗിച്ച് നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ നിലവിലെ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഇത്തരം ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല.

ഇപ്പോൾ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. സന്ധ്യകഴിയുന്നതോടെ കൃഷിയിടങ്ങളിലും വീടുകൾക്ക് സമീപവും തമ്പടിക്കുന്ന പന്നികൾ അക്രമകാരികളായി മാറുകയാണ്. ഇവയെ തുരത്താൻ കർഷകർക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറെയും സർക്കാരിനെയും സമീപിക്കാനാണ് കർഷകരുടെ തീരുമാനം.

വൈറലായി സുന്ദരന്റെ വാക്കുകൾ

കഴിഞ്ഞ രാത്രി തന്റെ കൃഷിയിടത്തിൽ നാശം വിതച്ച പന്നിക്കൂട്ടത്തെയും നശിപ്പിക്കപ്പെട്ട ചീരത്തോട്ടത്തെയും കാണിച്ചുകൊണ്ട് സുന്ദരൻ പങ്കുവെച്ച വീഡിയോ കർഷകർക്കിടയിൽ വൻ പ്രതിഷേധമാണ് ഉയർത്തിയത്. “നിങ്ങളെന്തിനാണ് ജനപ്രതിനിധികളായിരിക്കുന്നത്? മൂന്നുമാസം മുൻപ് യോഗം ചേർന്നതല്ലാതെ എന്തെങ്കിലും ഗുണമുണ്ടായോ? ഒന്നരമാസത്തെ അധ്വാനവും പതിനയ്യായിരം രൂപയുടെ നഷ്ടവുമാണ് ഒറ്റ രാത്രികൊണ്ട് ഉണ്ടായത്. കഷ്ടപ്പെട്ട് കൃഷി ചെയ്ത് നികുതി അടയ്ക്കുന്ന ഞങ്ങളോട് ഈ ക്രൂരത കാണിക്കരുത്,” എന്ന രോഷത്തോടെയുള്ള സുന്ദരന്റെ വാക്കുകൾ ഭരണസമിതിക്ക് നേരെയുള്ള കുറ്റപത്രമായി മാറി.

Sports ⏭️

Read News ⏭️

Back to top button