കോട്ടയം ഐഐഐടി വിദ്യാർത്ഥിക്ക് ജനറേറ്റീവ് എഐ ഹാക്കത്തോണിൽ ഒന്നാം സ്ഥാനം

വിജയിക്ക് സമ്മാനം നൽകുന്നു
തിരുവനന്തപുരം: ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (BIA) ഒരുക്കിയ ജനറേറ്റീവ് എഐ ഹാക്കത്തോൺ 2026-ൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർഥി അജയ് രാജേഷ് ചാമ്പ്യനായി. ടെക്നോപാർക്ക് പാർക്ക് സെന്ററിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 33 ടീമുകളിലായി നൂറിലധികം പ്രതിഭകളാണ് മാറ്റുരച്ചത്. ‘എഐ ഫോർ ഇൻക്ലൂസീവ് കേരള’ എന്ന ആശയത്തെ മുൻനിർത്തി, നമ്മുടെ നാടിന്റെ വികസനത്തിന് ഉപകരിക്കുന്ന നൂതനമായ സാങ്കേതിക പരിഹാരങ്ങളാണ് മത്സരാർഥികൾ വികസിപ്പിച്ചത്.
മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ധനുഷ് കൃഷ്ണൻ എ.യു., ആനന്ദ് എസ്. ഗണേഷ്, ജെറിൻ പി. അസീസ് എന്നിവരടങ്ങുന്ന ദർശൻ എന്ന ടീം ഒന്നാം റണ്ണറപ്പായി. കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്തെ മുഹമ്മദ് ഇർഫാൻ ഫാറൂഖ്, മുഹമ്മദ് അസിൽ പരി എന്നിവർ രണ്ടാം റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി.
ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്റെ (BIA) തിരുവനന്തപുരം ശാഖ, ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി, ക്വാണ്ടംവീവ് ഇന്റലിജൻസ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് ഈ ഹാക്കത്തോൺ സംഘടിപ്പിച്ചത്. കൃത്രിമ ബുദ്ധിയുടെയും ജനറേറ്റീവ് എഐയുടെയും സാധ്യതകൾ ഉപയോഗിച്ച് സാമൂഹികവും വികസനപരവുമായ വെല്ലുവിളികൾക്ക് എങ്ങനെ പരിഹാരം കണ്ടെത്താം എന്നതിലാണ് ഈ കൂട്ടായ്മ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രൊഫഷണലുകൾക്കും തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാനുള്ള മികച്ച വേദിയായി ഈ മത്സരം മാറി.
ഫ്രാൻസിലെ നാന്റസ് സർവകലാശാലയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷക ഡോ. നാൻസി വിക്ടർ, ക്വാണ്ടംവീവ് ഇന്റലിജൻസ് ലിമിറ്റഡ് ഡയറക്ടർ ഡോ. സാബു എം. തമ്പി, ബിഐഎ തിരുവനന്തപുരം ഡയറക്ടർ രാഹുൽ ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഓർത്തോ എഫ് എക്സ് സീനിയർ മാനേജർ വർഗീസ് ജോർജ് പ്രത്യേക അതിഥിയായും സാന്നിധ്യമറിയിച്ചു.
വിവിധ മേഖലകളിലെ വിദഗ്ധരായ ഡോ. ആതിര യു. (ജനറേറ്റീവ് എഐ മാനേജർ), അരുൺ എസ്. ആർ. (ടെസ്റ്റ്ഹൗസ് ഡയറക്ടർ), ഡോ. സുമോദ് സുന്ദർ (പ്രൊവിഡൻസ് കോളേജ്, ചെങ്ങന്നൂർ), മാധവ് ശങ്കർ (ആൽസ്റ്റോം പ്രൈവറ്റ് ലിമിറ്റഡ്), ഡോ. അഞ്ജന പി. ദാസ് (ടാറ്റ എൽക്സി) എന്നിവരടങ്ങുന്ന സംഘമാണ് മത്സരത്തിലെ മികച്ച ആശയങ്ങളെ വിലയിരുത്തിയത്.




