അഞ്ജു കുര്യൻ വിവാഹിതയായി: ജീവിതപങ്കാളിയെക്കുറിച്ച് പങ്കുവെച്ച് താരം

വിവാഹ വേഷത്തിൽ തിളങ്ങി അഞ്ജു കുര്യനും റോഷനും
നടിയും മോഡലുമായ അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് താരത്തിന്റെ ജീവിതപങ്കാളി. ഇന്നലെ നടന്ന വിവാഹ ചടങ്ങുകളുടെ മനോഹരമായ ചിത്രങ്ങൾ അഞ്ജു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ പ്രാർത്ഥനകൾ ദൈവം കേട്ടുവെന്നും ആഗ്രഹിച്ച ആളെത്തന്നെ ജീവിതസഖാവായി ലഭിച്ചുവെന്നുമാണ് അഞ്ജു കുറിച്ചത്.
‘എന്റെ പ്രാർത്ഥനകളിൽ ഉണ്ടായിരുന്ന വ്യക്തിയെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പുതിയ അധ്യായത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇത് കേവലം രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള കരാർ മാത്രമല്ല, ദൈവത്തിന്റെ സാന്നിധ്യത്തിൽ എടുത്ത ദൃഢപ്രതിജ്ഞ കൂടിയാണ്. ഉള്ളിലെ കുസൃതിക്കാരിയായ കുട്ടി ഇത്രയും കാലം സ്വപ്നം കണ്ട കാര്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ഇത് വെറുമൊരു വിവാഹം മാത്രമല്ല, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സന്തോഷനിമിഷങ്ങളും, കുസൃതികളും, ഉയർച്ചതാഴ്ചകളും, പരസ്പരമുള്ള കരുതലും എല്ലാം ചേർന്ന സ്നേഹനിർഭരമായൊരു കൂടുതേടലാണ്’.
കോട്ടയം സ്വദേശിനിയായ അഞ്ജുവും റോഷനും തമ്മിലുള്ള വിവാഹനിശ്ചയം രണ്ട് വർഷം മുൻപായിരുന്നു നടന്നത്. ‘എന്റെ ജീവിതകാലം മുഴുവൻ പങ്കുവെക്കാൻ ഒരാളെ ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞങ്ങളെ ഈ മനോഹരമായ നിമിഷത്തിലേക്ക് എത്തിച്ച ദൈവത്തിന് നന്ദി’, എന്ന കുറിപ്പോടെയായിരുന്നു വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ അന്ന് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.
മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. ചെന്നൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ജു, പഠനകാലത്ത് തന്നെ മോഡലിംഗിലും സജീവമായിരുന്നു. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് ചുവടുവെക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ ‘നേരം’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി വേഷമിട്ടുകൊണ്ടാണ് അഞ്ജു അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ, മേപ്പടിയാൻ തുടങ്ങി പതിനഞ്ചോളം സിനിമകളുടെ ഭാഗമാകാൻ അഞ്ജുവിന് സാധിച്ചു. ആസിഫ് അലി നായകനായ ‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു ആദ്യമായി നായികയായി അരങ്ങേറുന്നത്.




