NEWS

‘ഹണിമൂൺ കോച്ചി’നു പിന്നാലെ ട്രെയിനിൽ രുദ്രാഭിഷേകം; അത് 3 ലക്ഷത്തിന്റെ സ്വകാര്യ സലൂണിലെന്ന് റെയിൽവേ


ന്യൂഡൽഹി∙ ട്രെയിൻ കോച്ചിനുള്ളിൽ പൂജാരിയുടെ നേതൃത്വത്തിൽ രുദ്രാഭിഷേകം നടത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ വിശദീകരണവുമായി റെയിൽവേ. വൈറലായ ‘ഹണിമൂൺ കോച്ച്’ വിഡിയോയ്ക്കു തൊട്ടുപിന്നാലെയാണ് ഈ ക്ലിപ്പ് പുറത്തുവന്നത്. ട്രെയിൻ കോച്ചുകൾക്കുള്ളിൽ അത്തരം ആചാരങ്ങൾ അനുവദനീയമാണോ എന്ന ചോദ്യവും ഉയരുന്നു. എക്സിൽ പ്രചരിച്ച വിഡിയോയിൽ ട്രെയിനിൽ കോച്ചിന്റെ തറയിൽ ഇരുന്നു പൂജാരി പൂജ നടത്തുന്നതും വെള്ള വസ്ത്രം ധരിച്ച നിരവധി ആളുകൾ ഭക്തിയോടെ ചടങ്ങിൽ പങ്കെടുക്കുന്നതും കാണാം. വിഡിയോ വൈറലായതിനു പിന്നാലെ നോർത്തേൺ റെയിൽവേ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. സാധാരണ പാസഞ്ചർ കോച്ചിനുള്ളിലല്ല, ഐആർസിടിസി വഴി കൊമേഴ്സ്യൽ ബുക്കിങ് നടത്തി അനുവദിച്ച സ്വകാര്യ സലൂൺ കാറിനുള്ളിലാണു മതപരമായ ചടങ്ങുകൾ നടന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. എക്സിലൂടെയായിരുന്നു മറുപടി.∙ വിശദീകരണം ഇങ്ങനെ: ജൂലൈ 8 ന് ആണ് സലൂൺ കാർ ഐആർസിടിസി വഴി ബുക്ക് ചെയ്തത്. കൊമേഴ്സ്യൽ ബുക്കിങ്ങിനായി മുൻകൂറായി 3,08,580 രൂപ അടച്ചു. ജൂലൈ 10 ന് ന്യൂഡൽഹി മുതൽ മുംബൈ ബാന്ദ്ര ടെർമിനസ് വരെ 12926 പശ്ചിം എക്സ്പ്രസിൽ ആണ് ഈ സലൂൺ കാർ ഘടിപ്പിച്ചിരുന്നത്. സലൂണിന്റെ കൊമേഴ്സ്യൽ ഓട്ടത്തിന് ജൂലൈ 10ന് നോർത്തേൺ റെയിൽവേ നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നതായും റെയിൽവേ പറഞ്ഞു.(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Sudhanshu Yadav/x.com എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)


Source link

Back to top button