NEWS
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

പുതുക്കാട് ∙ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. മകളെ യാത്രയാക്കാനെത്തിയ സിന്ധു സ്‌കൂട്ടറിനടുത്തേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ബസ് ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. പാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. പുതുക്കാട് ഡിപ്പോയിൽ നിന്നു ചാലക്കുടിയിലേക്കു പോകാൻ വാഹനം എടുത്തതിനു പിന്നാലെയാണ് അപകടം. അപകടസമയത്ത് ഡ്രൈവർ സ്റ്റിയറിങ്ങിൽ കുഴഞ്ഞുവീണുകിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ എറണാകുളം പുത്തൻകുരിശ് വടവുകോട് സ്വദേശി സി.കെ.ബാബുവിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ ഒരു യാത്രക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധുവിന്റെ സംസ്കാരം നടത്തി. ഭർത്താവ്: റോയ്‌സൺ. മക്കൾ: ആൻമരിയ, ആരോൺ.
Fashion ⏭️


