NEWS
വിജയ് –അജിത് കൂടിക്കാഴ്ച: രാഷ്ട്രീയപ്പോര് കനക്കുന്നു; കാറോട്ടം കാണാനെന്നു ഡിഎംകെ; അസൂയയെന്നു ടിവികെ

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയും തമിഴ് സൂപ്പർതാരം അജിത്കുമാറും ലണ്ടനിൽ കണ്ടുമുട്ടിയത് ഇരുവരുടെയും ആരാധകരും മാധ്യമങ്ങളും ആഘോഷിക്കുന്നതിനിടെ അതിന്റെ പേരിൽ രാഷ്ട്രീയയുദ്ധവും കനക്കുന്നു. നിക്ഷേപസമാഹരണത്തിന് എന്ന പേരിൽ ലണ്ടനിൽ പോയ മുഖ്യമന്ത്രി സുഹൃത്തിന്റെ കാര് റേസിങ് കാണാനാണു പോയതെന്ന വിമർശനവുമായി മുഖ്യപ്രതിപക്ഷം ഡിഎംകെ രംഗത്തെത്തിയപ്പോൾ, ഔദ്യോഗിക യാത്രയ്ക്കിടെ ഒരു സുഹൃത്തിനെ കാണുന്നതിൽ എന്താണു തെറ്റെന്ന ചോദ്യവുമായി ഭരണകക്ഷിയായ ടിവികെ മുഖ്യമന്ത്രിക്കു പ്രതിരോധം തീർക്കുന്നു. രണ്ടു പാർട്ടികളും തമ്മിൽ ചൂടേറിയ വാദപ്രതിവാദമാണ് നടക്കുന്നത്. തമിഴ്നാട്ടിലേക്കു വിദേശനിക്ഷേപം എത്തിക്കുക ലക്ഷ്യമിട്ട് നിക്ഷേപകരുമായി കൂടിക്കാഴ്ചയ്ക്കാണ് വിജയ് ലണ്ടനിലെത്തിയത് എന്നാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം. തമിഴ്നാട്ടിൽ ലോകോത്തര മോട്ടർ സ്പോർട്സ് സിറ്റി സ്ഥാപിക്കുന്നതിനുള്ള സാധ്യതയും പഠിക്കും.ലണ്ടനിലെ സിൽവർസ്റ്റോണിൽ നടക്കുന്ന മിഷലിൻ ലേ മാൻസ് കാറോട്ട മത്സരത്തിൽ സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ ടീമും പങ്കെടുക്കുന്നുണ്ട്. വിജയ് മൽസരം കാണാനെത്തുകയും മൽസരത്തിനു പച്ചക്കൊടി വീശുകയും ചെയ്തു. വിജയിനെ ആലിംഗനം ചെയ്താണ് അജിത് സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം രണ്ടു താരങ്ങളുടെയും ആരാധകർ തമ്മിൽ ഫാൻഫൈറ്റ് നടക്കാറുണ്ട്. പക്ഷേ ലണ്ടനിലെ താരങ്ങളുടെ കൂടിക്കാഴ്ചയെ ആരാധകർ ആഘോഷമാക്കി. അതു വലിയ വാർത്തയായതിനു പിന്നാലെയാണ് ഡിഎംകെ വിമർശനവുമായി എത്തിയത്.(Disclaimer: ഈ വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Imgtraj എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
Fashion ⏭️


