CINEMA

മലയാള സിനിമയുടെ എഴുപത് വർഷങ്ങൾ

മലയാള സിനിമാ ചരിത്രത്തിൽ സുനിശ്ചിതമായ ഇടം കണ്ടെത്തിയ ഏഴ് അനശ്വര ചലച്ചിത്രങ്ങൾ

തലയുയർത്തി നിൽക്കുന്ന ചെമ്മീൻ

മലയാളത്തിന്റെ സിനിമാ ഭൂപടത്തിൽ ഒരു ക്ലാസിക് ഇതിഹാസമായി ഇന്നും തലയുയർത്തി നിൽക്കുകയാണ് ‘ചെമ്മീൻ’. പുറത്തിറങ്ങി ആറു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ചിത്രത്തിന്റെ ദൃശ്യഭംഗിയും അതിലെ വൈകാരികമായ തീവ്രതയും സിനിമാപ്രേമികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ വിശ്വപ്രസിദ്ധ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് അണിയിച്ചൊരുക്കിയ ഈ ചിത്രം, അന്നുവരെ മലയാളം കണ്ടിട്ടില്ലാത്ത സാങ്കേതിക മികവിന്റെയും കലയുടെയും ഉത്തമ ഉദാഹരണമായിരുന്നു. കറുത്തമ്മയായും പരീക്കുട്ടിയായും ചെമ്പൻ കുഞ്ഞായും പളനിയായുമൊക്കെ ഷീലയും മധുവും സത്യനും കൊട്ടാരക്കര ശ്രീധരൻ നായരും വേഷമിട്ടപ്പോൾ കഥാപാത്രങ്ങൾ അനശ്വരമായി. മാർക്കസ് ബാർട്ട്‌ലിയുടെ ക്യാമറക്കണ്ണുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിന്റെ സൗന്ദര്യത്തെ ഒപ്പിയെടുത്തു. വയലാർ രാമവർമ്മയുടെ വരികൾക്ക് സലീൽ ചൗധരി ഈണം പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇന്നും ആസ്വാദകർ മൂളിക്കൊണ്ടിരിക്കുന്നു.

കുറുകുന്ന ഇണപ്രാവുകൾ

സത്യനും നസീറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ഇണപ്രാവുകൾ’ നടി ശാരദയുടെ അരങ്ങേറ്റ മലയാള ചിത്രമാണ്. കുഞ്ചാക്കോയുടെ നിർമ്മാണത്തിലും സംവിധാനത്തിലും ഒരുങ്ങിയ ഈ ചിത്രം മുട്ടത്തുവർക്കിയുടെ അതേ പേരിലുള്ള പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ജീവിതത്തിന്റെ നേർക്കാഴ്ചകൾ പങ്കുവെച്ച ഈ ചിത്രം ശാരദയുടെ സിനിമാജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. പിന്നീട് ‘ദുഃഖപുത്രി’ എന്ന ഇമേജിലേക്ക് അവർ മാറുന്നതിന് ഈ ചിത്രം നിമിത്തമായി. വയലാർ-വി. ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ അക്കാലത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചത്.

നവതരംഗത്തിന്റെ സ്വയംവരം

മലയാളത്തിൽ നവതരംഗ സിനിമകൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ പുറത്തിറങ്ങിയത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അടൂരിന്റെ ആദ്യത്തെ വലിയ ചുവടുവയ്പ്പായിരുന്നു ഇത്. മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കുന്ന ഈ ചിത്രത്തിൽ മധുവും ശാരദയുമായിരുന്നു മുഖ്യവേഷങ്ങളിൽ. അക്കാലത്തെ പതിവ് നായികാവേഷങ്ങളിൽ നിന്നും വേറിട്ട, പച്ചയായ ജീവിതസാഹചര്യങ്ങൾ പേറുന്ന ‘സീത’ എന്ന കഥാപാത്രം സിനിമാലോകത്തിന് പുതിയൊരു അനുഭവമായിരുന്നു.

പുതിയ കാലത്തും ചിദംബരം

ജി. അരവിന്ദന്റെ സംവിധാനത്തിൽ പിറന്ന ‘ചിദംബരം’ ഇന്നും വേറിട്ടൊരു സിനിമാനുഭവമാണ്. ബോളിവുഡ് നടി സ്മിത പാട്ടീൽ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണിത്. ഭരത് ഗോപിയും ശ്രീനിവാസനും തങ്ങളുടെ കഥാപാത്രങ്ങളിലൂടെ നടത്തിയ പ്രകടനം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. സി.വി. ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും വാരിക്കൂട്ടി.

പിറവിയുടെ പിറവി

കാണാതായ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്ന ഒരച്ഛന്റെ മാനസികാവസ്ഥ വരച്ചുകാട്ടിയ ചിത്രമാണ് ‘പിറവി’. അടിയന്തരാവസ്ഥ കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ എൻജിനിയറിംഗ് വിദ്യാർത്ഥി രാജന്റെ തിരോധാനമായിരുന്നു ഷാജി എൻ. കരുൺ എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ ആവിഷ്കരിച്ചത്. ആദ്യ ചിത്രം കൊണ്ടുതന്നെ ലോക സിനിമയുടെ ശ്രദ്ധാകേന്ദ്രമായി മാറാൻ ഷാജിക്ക് സാധിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രേംജി മികച്ച നടനുള്ള ദേശീയ പുരസ്കാരവും, ഷാജി എൻ. കരുൺ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി.

സത്യനാഥന്റെ സദയം

മനുഷ്യന്റെ ഉള്ളിലെ നീറ്റലുകൾ പ്രേക്ഷകരിലേക്ക് എത്തിച്ച എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സദയം’. സത്യനാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനം വിസ്മയകരമായിരുന്നു. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സിലൂടെയാണ് ചിത്രം കടന്നുപോയത്. നീതിക്കും ന്യായത്തിനും അതീതമായി പലപ്പോഴും മനുഷ്യന്റെ വികാരങ്ങൾ മാറിമറിയുന്നു എന്ന വലിയ സത്യമാണ് സത്യനാഥന്റെ കഥ നമ്മോട് പറയുന്നത്.

ചന്തു ചതിയനല്ല

മമ്മൂട്ടിയെ നായകനാക്കി എം.ടി. – ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ‘ഒരു വടക്കൻ വീരഗാഥ’ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ക്ലാസിക്കാണ്. വടക്കൻ പാട്ടുകളിലെ വില്ലനായ ചന്തുവിനെ വീരനായകനായി പുതിയൊരു ദർശനത്തിലൂടെ അവതരിപ്പിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. ദേശീയതലത്തിൽ മികച്ച നടൻ, തിരക്കഥ, പ്രൊഡക്ഷൻ ഡിസൈൻ, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം, സംസ്ഥാന തലത്തിൽ ഏഴ് അവാർഡുകളും നേടി.

Business ⏭️

Back to top button