ഖുശ്ബുവിന്റെ പ്രീ-റിലീസ് ഇവന്റ്: മൂക്കുത്തി അമ്മൻ വേഷം നയൻതാരയിലേക്ക് എത്തിയത് ഇങ്ങനെ

ദീപാവലി വേളയിൽ കുടുംബത്തോടൊപ്പം തിയേറ്ററുകളിലെത്തി സിനിമ ആസ്വദിക്കാൻ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് നയൻതാര പ്രധാന വേഷത്തിലെത്തുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’യുടെ അണിയറ പ്രവർത്തകർ രംഗത്ത്. സുന്ദർ സി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ അണിയറ പ്രവർത്തകരും താരങ്ങളും ഒത്തുചേർന്നു. ചിത്രത്തിന്റെ സാങ്കേതിക തികവിനെക്കുറിച്ച് സംസാരിച്ച സുന്ദർ സി, ഒന്നര വർഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിലൂടെ നാലുന്നൂറോളം പേർ രാപ്പകലില്ലാതെ അധ്വാനിച്ചാണ് ചിത്രത്തിന്റെ സിജിഐ (CGI) ജോലികൾ പൂർത്തിയാക്കിയതെന്ന് വെളിപ്പെടുത്തി. മൂവായിരത്തിലധികം ഷോട്ടുകൾ ഉള്ളതിൽ വെറും പതിനഞ്ചെണ്ണത്തിൽ മാത്രമാണ് നിർമിത ബുദ്ധി അഥവാ എഐ (AI) ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിലെ അപ്രതീക്ഷിത താര സാന്നിധ്യത്തെക്കുറിച്ചും സംഗീത സംവിധായകൻ ഹിപ് ഹോപ്പ് തമിഴ ആദി വാചാലനായി. ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗത്തെ സംബന്ധിച്ചും അദ്ദേഹം മനസ്സ് തുറന്നു. ഏതാണ്ട് ഇരുപത് മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ നിർണായക ഭാഗത്തിനായി സംഗീതമൊരുക്കിയത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മൂക്കുത്തി അമ്മൻ എന്ന കഥാപാത്രത്തിന് നയൻതാരയല്ലാതെ മറ്റൊരു താരത്തെയും സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് നിർമാതാവ് ഖുശ്ബു അഭിപ്രായപ്പെട്ടു. കഥാപാത്രത്തോടുള്ള താരത്തിന്റെ അർപ്പണബോധവും തൊഴിലിനോടുള്ള കൂറും, ഒപ്പം അവർ പ്രകടിപ്പിക്കുന്ന ദൈവികമായ ചൈതന്യവും മറ്റാർക്കും അനുകരിക്കാനാവില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
ചിത്രത്തിൽ നയൻതാരയുടെ അമ്മയായി വേഷമിടുന്ന ഉർവശി, റെജീന കൈകാര്യം ചെയ്യുന്ന കഥാപാത്രം പ്രേക്ഷകർക്ക് വലിയൊരു വിസ്മയമായിരിക്കും എന്ന് സൂചിപ്പിച്ചു. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.




