NEWS

നെയ്യ് ടെൻഡർ റദ്ദാക്കി; തട്ടിപ്പ് സംഘങ്ങൾക്കെതിരെ നടപടി

തിരുവനന്തപുരം: മിൽമയുടെ നെയ്യ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട സ്ഥാപനം ഇത്തവണയും ടെൻഡർ നടപടികളിൽ പങ്കെടുത്തതായി വിവരം ലഭിച്ചതിനെ തുടർന്ന്, ശബരിമലയിലേക്കുള്ള നെയ്യ് സംഭരണത്തിനായുള്ള ടെൻഡർ തിരുവിതാംകൂർ ദേവസ്വം ബോർഡ് റദ്ദാക്കി. ഇതിനു പകരമായി 50,000 ലിറ്റർ നെയ്യ് വാങ്ങുന്നതിനായി പുതിയ ടെൻഡർ ഉടൻ ക്ഷണിക്കും.

ഇത്തവണത്തെ ടെൻഡറിൽ മൂന്ന് ഏജൻസികളാണ് പങ്കെടുത്തത്. ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത തമിഴ്‌നാട് ആസ്ഥാനമായുള്ള കമ്പനിക്കെതിരെയാണ്, കഴിഞ്ഞ വർഷം മിൽമയിൽ നിന്നും വാങ്ങിയ നെയ്യ് അനധികൃതമായി മറിച്ചുവിറ്റുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഇതേതുടർന്നാണ് നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദ്ദേശം നൽകിയത്.

നേരത്തെ 1,60,000 ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു ടെൻഡർ വിളിച്ചിരുന്നത്. എന്നാൽ, തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് തന്നെ വഴിപാട് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചതോടെ, ഇത്രയും വലിയൊരു കരുതൽ ശേഖരത്തിന്റെ ആവശ്യം ബോർഡിനില്ലെന്ന് വിലയിരുത്തുന്നു. ചെറിയ വിതരണക്കാർക്കും കൂടി അവസരം ലഭിക്കുന്ന രീതിയിൽ വളരെ സുതാര്യമായിട്ടായിരിക്കും പുതിയ റീ-ടെൻഡർ നടപടികൾ പൂർത്തിയാക്കുക.

Sports ⏭️

Read News ⏭️

Back to top button