CINEMA

അമ്പതിലെ മമ്മൂട്ടി പ്രഭാവം, പകുതി നൂറ്റാണ്ടിലേക്ക് ലാലിസം

കേരളപ്പിറവിക്ക് ശേഷമുള്ള മലയാള ചലച്ചിത്ര ലോകത്തിന്റെ അഭിനയചരിത്രം സത്യൻ, നസീർ, മധു എന്നീ താരത്രയങ്ങളുടെ കാലഘട്ടത്തിൽ നിന്നാണ് വേരുറപ്പിക്കുന്നത്. ‘ത്യാഗസീമ’ എന്ന ഒരേ ചലച്ചിത്രത്തിലൂടെയാണ് സത്യനും പ്രേംനസീറും തങ്ങളുടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയുടെ നെറുകയിൽ നിറഞ്ഞുനിന്ന സത്യൻ, ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളമായി മാറി. എഴുപതുകളിലും എൺപതുകളിലും പ്രേംനസീറും മധുവും ചേർന്ന് അവിസ്മരണീയമായ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയപാടവം തെളിയിച്ചു.

‘മുറപ്പെണ്ണ്’, ‘ഭാർഗ്ഗവീനിലയം’, ‘ഓടയിൽ നിന്ന്’ തുടങ്ങിയ ക്ലാസിക് സിനിമകളിൽ ഇവർ കാഴ്ചവെച്ച അഭിനയമികവ് മലയാള സിനിമയുടെ സുവർണ ഏടുകളിൽ ഇടംപിടിച്ചിട്ടുള്ളതാണ്. സോമൻ-സുകുമാരൻ കാലഘട്ടത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ താരരാജാക്കന്മാരായി വാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മെഗാസ്റ്റാർ, സൂപ്പർസ്റ്റാർ എന്നിങ്ങനെ ആരാധകർ ഇവരെ ആവേശത്തോടെ നെഞ്ചിലേറ്റി. അഭിനയരംഗത്ത് മമ്മൂട്ടി അരനൂറ്റാണ്ട് പിന്നിടുമ്പോൾ, മോഹൻലാൽ നായകനായി തിളങ്ങിയിട്ട് 46 വർഷങ്ങൾ കടന്നുപോയിരിക്കുന്നു.

ഇവർക്ക് പിന്നാലെ ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവർ മലയാള സിനിമയുടെ മുന്നണിയിലെത്തി. തുടർന്ന് പൃഥ്വിരാജ്, ടൊവിനോ തോമസ്, നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ബേസിൽ ജോസഫ് തുടങ്ങിയ പുതുതലമുറ താരങ്ങൾ മലയാള സിനിമയുടെ മുഖമായി മാറി. എന്നാൽ, ഇന്നത്തെ കാലത്ത് സൂപ്പർ താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ സിനിമകൾ വൻവിജയം കൊയ്യുന്നുണ്ട്. മികച്ച വിജയം നേടുന്ന ഇത്തരം ചിത്രങ്ങളെ ആരാധകർ ‘ബ്ലോക്ക് ബസ്റ്റർ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.

Business ⏭️

Back to top button