മലയാള സിനിമയിലെ പ്രിയ നായികമാർ

മലയാള ചലച്ചിത്ര ചരിത്രത്തിന്റെ സുവർണ്ണകാലം അടയാളപ്പെടുത്തിയത് ശാരദയും ഷീലയും ചേർന്നാണ്. തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ‘തുലാഭാരം’ എന്ന ചിത്രത്തിലെ വിജയ എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി ശാരദ മലയാള സിനിമയ്ക്ക് അഭിമാനമായി മാറി. മാതൃഭാഷ തെലുങ്കാണെങ്കിലും, രണ്ടുതവണ ദേശീയ തലത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപൂർവ്വ നേട്ടം ഈ അഭിനേത്രിയുടെ അഭിനയമികവിനെ വിളിച്ചോതുന്നു. മറുവശത്ത്, ആറു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് വിസ്മയം തീർക്കുന്ന താരമാണ് ഷീല. അക്കാലത്തെ മുൻനിര നായകന്മാരേക്കാൾ വലിയ പ്രതിഫലം കൈപ്പറ്റിയ നായിക എന്ന ഖ്യാതിയും ഇവർക്കുണ്ട്.
പ്രേംനസീറിന്റെ നായികയായി മാത്രം നൂറിലധികം സിനിമകളിൽ അഭിനയിച്ച ഷീലയുടെ പ്രതിഭയ്ക്ക് സാക്ഷ്യപത്രമാണ് കറുത്തമ്മയും കള്ളിച്ചെല്ലമ്മയും പോലുള്ള കഥാപാത്രങ്ങൾ. ശാരദയും ഷീലയും നിറഞ്ഞുനിന്ന കാലഘട്ടത്തിൽ തന്നെ ജയഭാരതിയും ശക്തമായ സാന്നിധ്യമറിയിച്ചു. മലയാള സിനിമയുടെ സൗന്ദര്യവും ഭാവവും ഒത്തുചേർന്ന നടിയായിരുന്നു ശ്രീവിദ്യ. തൊണ്ണൂറുകളുടെ തുടക്കത്തിൽ മഞ്ജു വാര്യർ എന്ന അഭിനയപ്രതിഭയുടെ കടന്നുവരവ് മലയാള സിനിമയിൽ പുതിയൊരു തരംഗമുണ്ടാക്കി. ‘സല്ലാപം’ വഴി തുടങ്ങി, ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വരെ മഞ്ജുവിനെപ്പോലെ ഇത്രയേറെ സ്വീകാര്യത ലഭിച്ച മറ്റൊരു നായിക ഇന്ത്യൻ സിനിമയിൽ തന്നെ വിരളമാണ്.
ഉർവശിയും ശോഭനയും ഇന്നും അഭിനയലോകത്ത് തങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നു. സംയുക്ത വർമ്മ, ദിവ്യ ഉണ്ണി, മീര ജാസ്മിൻ, നയൻതാര, ഭാവന, അമല പോൾ, അന്ന ബെൻ, ദർശന രാജേന്ദ്രൻ, നസ്റിയ നസിം, ഗ്രേസ് ആന്റണി, കല്യാണി പ്രിയദർശൻ, അനശ്വര രാജൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങി അനേകം താരങ്ങൾ മലയാള സിനിമയെ സമ്പന്നമാക്കി. ഈ നിരയിൽ പുതിയ തലമുറയുടെ താരോദയമായി മമിത ബൈജുവും തിളങ്ങിനിൽക്കുന്നു. കരിയറിലെ വലിയൊരു വഴിത്തിരിവായ ‘പ്രേമലു’ എന്ന ഹിറ്റ് ചിത്രം മമിതയുടെ താരമൂല്യവും ഉയർത്തിയിരിക്കുകയാണ്.




