NEWS
യെസ്, ഐ ആം ദി ആൻസർ…; സംസ്കൃതം കെ ടെറ്റ് പരീക്ഷയിൽ തന്നെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതി അധ്യാപകൻ

പാലോട് (തിരുവനന്തപുരം) ∙ കഴിഞ്ഞദിവസം നടന്ന സംസ്കൃതം കെ ടെറ്റ് പരീക്ഷയിൽ സി കോഡ് ചോദ്യപ്പേപ്പറിലെ ഒന്നാമത്തെ ചോദ്യം ‘മധുരസ്മിതം’ എന്ന സംസ്കൃത സിനിമ സംവിധാനം ചെയ്തത് ആരാണ് എന്നായിരുന്നു. പാലോട് കൊല്ലായിൽ എസ്എൻയുപി സ്കൂളിലെ സംസ്കൃതം അധ്യാപകൻ ജെ.സുരേഷ്കുമാർ ചോദ്യം കണ്ട് ഞെട്ടിയെങ്കിലും അഭിമാനപൂർവം ഉത്തരമെഴുതി– ജെ.സുരേഷ്കുമാർ. സുരേഷ് ഗായത്രി എന്ന പേരിൽ 2020 ൽ ആണ് നൂറിലേറെ കുട്ടികളെ വച്ചു സിനിമ സംവിധാനം ചെയ്തത്. ലോകത്തെ ആദ്യ കുട്ടികളുടെ സംസ്കൃതം സിനിമയായാണ് ‘മധുരസ്മിതം’ അറിയപ്പെടുന്നത്. കേരളത്തിൽ വിവിധ തിയറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമ നിലവിൽ വിവിധ രാജ്യങ്ങളിലെ ഫെസ്റ്റുകളിൽ പ്രദർശിപ്പിച്ചു വരുന്നു. യുട്യൂബിലും ഉണ്ട്.
Fashion ⏭️


