ഡിവൈഎസ്‌പി ഉമേഷിനെ തിരിച്ചെടുക്കില്ല, തീരുമാനം പിൻവലിക്കാൻ നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രി

ഡിവൈഎസ്‌പി ഉമേഷ്
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച ആരോപണത്തിൽ സസ്‌പെൻഷനിലായ ഡിവൈഎസ്‌പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് തീരുമാനം പിൻവലിക്കുന്നതിന് നിർദ്ദേശം നൽകിയത്. ഉമേഷിനെ തിരിച്ചെടുക്കാൻ തീരുമാനം വന്നതിന് പിന്നാലെ കോഴിക്കോട് കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറടക്കം കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ഇതോടെയാണ് തീരുമാനം പിൻവലിക്കാൻ ഇടയായത്.
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ കഴിഞ്ഞ വർഷം അവസാനമാണ് അന്ന് വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷിനെ സസ് പെൻഡ് ചെയ്തത്. പൊലീസ് പദവി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം പലതവണ ഡിവൈഎസ്പി തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി മൊഴി നൽകിയിരുന്നു. തനിക്കൊപ്പം കസ്റ്റഡിയിലായ മറ്റുള്ളവരിൽ നിന്ന് ഉമേഷ് കൈക്കൂലി വാങ്ങിയെന്നും മൊഴിയിൽ യുവതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ അന്ന് അച്ചടക്ക നടപടിയെടുത്തത്.
English Summary
The decision to reinstate DySP Umesh, who was suspended over allegations of sexually assaulting a woman in custody, has been put on hold. Home Minister Ramesh Chennithala directed that the reinstatement decision be withdrawn.




