NEWS

മാസം 1000 രൂപ വീതം കോളജ് വിദ്യാർ‌ഥിനികൾക്ക്; യുഡിഎഫ് അധികാരത്തിലെത്തി 4 മാസമായിട്ടും പദ്ധതി നടപ്പായില്ല


തിരുവനന്തപുരം ∙ കോളജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ നൽകുമെന്ന തിരഞ്ഞെടുപ്പുവാഗ്ദാനം യുഡിഎഫ് അധികാരത്തിലെത്തി 4 മാസം പിന്നിട്ടിട്ടും നടപ്പായില്ല. സർക്കാരിന്റെ അഞ്ചിന ഇന്ദിരാ ഗാരന്റികളുടെ ഭാഗമായാണ് കോളജ് വിദ്യാർഥിനികൾക്കു തുക പ്രഖ്യാപിച്ചത്. സർക്കാരിന്റെ ആദ്യബജറ്റിൽ പദ്ധതിക്കു തുക വകയിരുത്തിയിരുന്നില്ല. അതിനാൽതന്നെ തുടർനടപടികൾ എപ്പോൾ ആരംഭിക്കുമെന്നതിൽ വ്യക്തതയില്ല. സംസ്ഥാനത്തു കോളജ് തലത്തിലുള്ള ഏകദേശം 13 ലക്ഷം വിദ്യാർഥികളിൽ പകുതിയിലേറെ പെൺകുട്ടികളാണ്. ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥിനികൾക്കായി പദ്ധതി ചുരുക്കിയാൽ വ്യാപക എതിർപ്പുയരുമെന്ന വിലയിരുത്തലുണ്ട്. അതിനാൽ എൻജിനീയറിങ്, അഗ്രിക്കൾച്ചർ, ഹെൽത്ത് കോഴ്സുകളിലെ വിദ്യാർഥികളെയും ഉൾപ്പെടുത്തേണ്ടിവരും. ഇന്ദിരാ ഗാരന്റിയിൽ കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യയാത്ര മാത്രമാണു നടപ്പിലായത്. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കോളജ് വിദ്യാർഥിനികൾക്കുള്ള പ്രതിമാസ സഹായധനത്തിനു പുറമേ ക്ഷേമപെൻഷൻ തുക ഉയർത്തലും യുവാക്കൾക്കുള്ള പലിശരഹിത വായ്പപ്പദ്ധതിയുമാണ് ഇനി സർക്കാരിന്റെ മുന്നിലുള്ള പ്രധാന പ്രഖ്യാപനങ്ങൾ.


Fashion ⏭️

Back to top button