NEWS

‘പേടിപ്പിച്ച്’ തടിപ്പെട്ടിയിലെ അസ്ഥികൂടം, ഒരു ദിവസം നീണ്ട അന്വേഷണം; ഒടുവിൽ ട്വിസ്റ്റ്


ന്യൂഡൽഹി ∙ ശുചീകരണത്തിനിടെ ആക്രിക്കടയിലെ തടിപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസും നാട്ടുകാരും പരിഭ്രാന്തരായി; ഒരു ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ ട്വിസ്റ്റ് എത്തി. കിട്ടിയതു സ്കൂൾ ലാബിലെ ‘പഠനോപകരണമെന്ന്’ ഫൊറൻസിക് വിഭാഗം സ്ഥിരീകരിച്ചു.ശനിയാഴ്ച രാവിലെ സെൻട്രൽ‌ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള കാളി മാതാ ക്ഷേത്രത്തിനു സമീപം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണു തടിപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പിന്നീട്, ഫൊറൻസിക് പരിശോധനയിൽ അതു മനുഷ്യന്റേതല്ലെന്നും കൃത്രിമമായി നിർമിച്ചതാണെന്നും കണ്ടെത്തിയതോടെയാണ് ആശങ്ക അവസാനിച്ചത്. ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ യജ്ഞത്തിനിടെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.കുട്ടികളെ പഠിപ്പിക്കാൻ സ്കൂൾ ലബോറട്ടറിയിൽ ഉപയോഗിച്ചിരുന്ന കൃത്രിമ അസ്ഥികൂടമാണിതെന്നു സ്കൂൾ പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചു. മനുഷ്യന്റെ അസ്ഥികൂടമല്ലെന്നു ശാസ്ത്രീയമായി തെളിഞ്ഞതോടെ സംഭവത്തിൽ ദുരൂഹതകളോ ക്രിമിനൽ കുറ്റങ്ങളോ ഇല്ലെന്നു വ്യക്തമാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.


Fashion ⏭️

Back to top button