NEWS

പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന പ്രസ്താവന: ടി.ജി.മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന


 കൊച്ചി∙ ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന് പറഞ്ഞ ആര്‍എസ്എസ് സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന. പൊലീസ് എത്തിയത് ടി.ജി.മോഹൻദാസിന്റെ മൊഴിയെടുക്കാനാണോ, അതോ അറസ്റ്റ് രേഖപ്പെടുത്തുമോ എന്നതിൽ സ്ഥിരീകരണമില്ല. കേസ് റജിസ്റ്റർ ചെയ്ത് പത്ത് ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടികൾ ഉണ്ടാവാതിരുന്നതിൽ ഏറെ വിമർശനം ഉയർന്നിരുന്നു.  ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പ്രകോപനപരമായ രീതിയിൽ പ്രസ്താവന നടത്തിയ ടി.ജി.മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് പറഞ്ഞത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല… കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ – എന്നായിരുന്നു മോഹൻദാസിന്റെ  പ്രസ്താവന. ടി.ജി.മോഹൻദാസിന്റെ വിവാദ വാക്കുകൾ അടങ്ങിയ വിഡിയോ ഇപ്പോഴും യുട്യൂബിൽനിന്നും മാറ്റിയിട്ടില്ല. ഇതും ഏറെ വിമർശനത്തിനു കാരണമായിട്ടുണ്ട്.


Fashion ⏭️

Back to top button