AUTO

വില 1.35 ലക്ഷം, 145 കി.മീ റേഞ്ച്; ഹോണ്ടയുടെ മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടർ ക്യൂസി3


ക്യുസി3 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ. ക്യുസി1, ആക്ടിവ ഇ എന്നിവക്കു ശേഷം ഹോണ്ട ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണിത്. 5000 രൂപ നല്‍കി ബുക്ക് ചെയ്യാനാവുന്ന ക്യുസി3യുടെ എക്‌സ്‌ഷോറൂം വില 1.35 ലക്ഷം രൂപയാണ്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, ആഗ്ര, കട്ടക്, സൂറത്ത്, കൊല്ലം എന്നീ നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഹോണ്ട റെഡ്‌വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാവും വിതരണം. ഘട്ടംഘട്ടമായി മറ്റു നഗരങ്ങളിലേക്ക് വില്‍പന വ്യാപിപ്പിക്കുമെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്.നിലവില്‍ ഹോണ്ട വില്‍കുന്ന ക്യുസി1ല്‍ 1.5kWh ബാറ്ററിയും 80 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്. ആക്ടിവ ഇയില്‍ 1.5kWh ശേഷിയുള്ള രണ്ടു സ്വാപ്പബിള്‍ ബാറ്ററികള്‍ ചേരുന്നതോടെ റേഞ്ച് 145 കിലോമീറ്ററായി ഉയരും. ക്യുസി 1നെ അപേക്ഷിച്ച് ഇരട്ടി ബാറ്ററി ശേഷിയും ഏകദേശം 81 ശതമാനം അധിക റേഞ്ചുമാണ് പുതിയ ക്യുസി3 വാഗ്ദാനം ചെയ്യുന്നത്.ചാര്‍ജിങ് സമയത്തിന്റെ കാര്യത്തിലും ഹോണ്ട ക്യുസി3 വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. 0-80% ചാര്‍ജ് രണ്ടു മണിക്കൂര്‍ 40 മിനുറ്റും കൊണ്ട് ചെയ്യാനാവും. പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജിലേക്കെത്താന്‍ നാലു മണിക്കൂര്‍ മതി. ഒറ്റ ചാര്‍ജില്‍ 145 കിലോമീറ്റര്‍ റേഞ്ചും വെറും നാലു മണിക്കൂറില്‍ സാധ്യമാവുന്ന പൂര്‍ണ ചാര്‍ജിങും വഴി ദിനംപ്രതിയുള്ള നഗരയാത്രകള്‍ കൂടുതല്‍ അനായാസമാവും.5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു സവിശേഷത. ഹോണ്ട റോഡ്‌സിങ്ക് കണക്ടിവിറ്റി, കണക്റ്റഡ് വെഹിക്കിള്‍ ഫീച്ചറുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നിവയും ഡിസ്‌പ്ലേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാറ്റ് ഫോട്ടോണ്‍ ഗ്രേ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, പേള്‍ ഷാലോ ബ്ലൂ, പേള്‍ സൈറന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് വാഹനം എത്തുക.


Sports ⏭️

Back to top button