HEALTH
ചിപ്സിനു പകരം വറുത്ത കടല, പിന്നെ ഉപ്പിലിട്ടതും ചീസും; വയറിന്റെ ആരോഗ്യത്തിന് ഗുണമേകുന്ന സ്നാക്കുകൾ തിരഞ്ഞെടുക്കാം

ഉച്ചഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്ക്കുമിടയിൽ വിശപ്പ് തോന്നുമ്പോൾ കൈ ആദ്യം പോകുന്നത് ചിപ്‌സിലേക്കോ മധുരപലഹാരങ്ങളിലേക്കോ ആയിരിക്കും. പെട്ടെന്നുള്ള വിശപ്പ് മാറ്റാൻ ഇവ സഹായിച്ചേക്കാം. എന്നാൽ പതിവായി അൾട്രാ പ്രോസസ്ഡ് സ്‌നാക്‌സുകൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. പകരം, രുചിക്കൊപ്പം ദഹനവ്യവസ്ഥയ്ക്കും ഗുണം ചെയ്യുന്ന ചില ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആവശ്യമായ ഫൈബർ ലഭിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് ദഹനത്തെ പിന്തുണയ്ക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയ ലഘുഭക്ഷണങ്ങളാണ് ഇടനേരത്തേക്ക് കൂടുതൽ അനുയോജ്യമെന്നും വിദഗ്ധർ പറയുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും.ഗ്രീക്ക് യോഗർട്ടും പഴങ്ങളും: പ്രോബയോട്ടിക് ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് യോഗർട്ട്. കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പിന്തുണയ്ക്കാൻ ഇത് സഹായിക്കും. ഗ്രീക്ക് യോഗർട്ടിനൊപ്പം ആപ്പിൾ, ബെറി പഴങ്ങൾ, പിയർ തുടങ്ങിയവ ചേർക്കാം. പഴങ്ങളിൽ അടങ്ങിയിട്ടുള്ള പ്രീബയോട്ടിക് ഫൈബറും കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.ഹമ്മസും എഡമാമെയും: പച്ചക്കറികൾക്കൊപ്പം പോഷകസമൃദ്ധമായ ഡിപ്പ് കഴിക്കാം. കടലയിൽനിന്ന് തയ്യാറാക്കുന്ന ഹമ്മസിനൊപ്പം പച്ച സോയാബീൻ(Edamame) ചേർത്താൽ പ്രോട്ടീനും ഫൈബറും ലഭിക്കും. വിശപ്പിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.ചിയ പുഡ്ഡിങ്: ചെറിയ അളവിൽ കഴിച്ചാലും പോഷകഗുണങ്ങൾ ഏറെയുള്ളതാണ് ചിയ പുഡ്ഡിങ്. ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡുകളും ഇതിലുണ്ട്. തേൻ, പഴങ്ങൾ, നട്‌സ് എന്നിവ ചേർത്ത് കഴിച്ചാൽ രുചിയും പോഷകഗുണവും കൂട്ടാം.വറുത്ത കടല: ചിപ്‌സിന് പകരം പരീക്ഷിക്കാവുന്ന മികച്ചൊരു സ്‌നാക്കാണ് വറുത്ത കടല. വയറുനിറയാൻ സഹായിക്കുന്നതിനൊപ്പം ഫൈബറും ലഭിക്കും. അധികം എണ്ണയും ഉപ്പും ചേർക്കാതെ തയ്യാറാക്കുന്നതാണ് കൂടുതൽ നല്ലത്.
Cinema ⏭️




