NEWS

‘നിങ്ങൾ മരിച്ചാലും എനിക്കൊന്നുമില്ല, ബസ് നിർത്തില്ല’; യാത്രക്കാർ അലറി വിളിച്ചിട്ടും പുകവലി തുടർന്ന് ഡ്രൈവർ: നിരന്തര നിയമലംഘനം


ലക്നൗ∙ ഉത്തർ പ്രദേശിലെ യമുന എക്സ്പ്രസ് ഹൈവേയിൽ ബസിന് തീപിടിച്ച 9 പേർ മരിക്കാനിടയായ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതര അലംഭാവമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബസിൽനിന്ന് കരിഞ്ഞ മണം വരുന്നതായി യാത്രക്കാർ അറിയിച്ചിട്ടും ഡ്രൈവറും കണ്ടക്ടറും പുകവലിക്കുന്നത് തുടർന്നതായി എഫ്ഐആറിൽ പറയുന്നു. ബസിനുള്ളിൽ പുകവലിക്കരുതെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും അവർ തുടരുകയായിരുന്നു. യാത്രക്കാരെ പരിഹസിച്ച് ഇവർ ചിരിച്ചതായും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.പിന്നാലെ, ബസിനുള്ളിൽ പുകയുടെയും കത്തുന്നതിന്റെയും മണം ഉയർന്നു. ഇക്കാര്യം യാത്രക്കാർ ഡ്രൈവറെയും കണ്ടക്ടറെയും അറിയിച്ചു. എന്നാൽ ഈ മണം ബസിനുള്ളിൽ പതിവാണെന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. യാത്രക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ഇക്കാര്യം പരിശോധിക്കാതെ പുകവലി തുടർന്നു. മിനിറ്റുകൾക്കുള്ളിൽ ബസിന്റെ മുന്നിൽനിന്ന് തീപടർന്നു. യാത്രക്കാർ അലറിക്കരയാൻ തുടങ്ങിയപ്പോൾ, ‘നിങ്ങൾ മരിച്ചാലും എനിക്കൊന്നുമില്ല, ഞാൻ ബസ് നിർത്തില്ല.’–എന്ന് ഡ്രൈവർ പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.


Fashion ⏭️

Back to top button