NEWS
പാക്കിസ്ഥാനിൽ ‘സ്മാർട് ലോക്‌ഡൗൺ’: ജോലി നാലു ദിവസം, കട നേരത്തേ അടയ്ക്കും

ഇസ്‌ലാമാബാദ് ∙ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില ഉയർന്നതു മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്മാർട് ലോക്‌ഡൗൺ നടപ്പാക്കാനൊരുങ്ങി പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച വിലയിരുത്തലിനായി പ്രധാന മന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്ക് ഫ്രം ഹോം അടക്കമുള്ള മാർഗങ്ങളെപ്പറ്റി ചർച്ച നടന്നതായാണ് വിവരം. പെട്രോളിയം ക്ഷാമത്തെത്തുടർന്ന് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങളാണ് പാക്ക് സർക്കാരിന്റെ പരിഗണനയിലുള്ളത്. ആഴ്ചയിൽ നാലു ദിവസം മാത്രം പ്രവൃത്തിദിനം, ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലിക്കെത്തുക, കമ്പോളങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മാളുകളുടെയും പ്രവർത്തന സമയം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. സർക്കാർ വകുപ്പുകൾക്കു നൽകുന്ന ഇന്ധനത്തിന്റെ അളവും വെട്ടിക്കുറച്ചേക്കും. അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകൾ ഒഴിവാക്കുന്നതിനെപ്പറ്റിയും ആലോചനയുണ്ട്. അതേസമയം, ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ പെട്രോൾ നൽകാൻ പ്രധാനമന്ത്രിയുടെ ‘ഫ്യുവൽ റിലീഫ് സ്കീം’ നടപ്പാക്കുന്നുണ്ട്. പദ്ധതിപ്രകാരം ഇരുചക്രവാഹന ഉടമകൾക്ക് ആഴ്ചയിൽ അഞ്ച് ലീറ്റർ സബ്സിഡി പെട്രോളും കാർ ഉടമകൾക്ക് 10 ദിവസത്തിലൊരിക്കൽ 10 ലീറ്റർ പെട്രോളും ലഭിക്കും.
Fashion ⏭️


