SPORTS

ഞങ്ങൾ റോബട്ടുകളല്ല, കളിക്കുന്നതു ടീമിനു വേണ്ടി, വ്യക്തിപരമായ നേട്ടങ്ങൾ പിന്നീട്: വിമർശനങ്ങളെ തള്ളി സഞ്ജു സാംസൺ


ന്യൂഡൽഹി∙ ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി വൈഭവ് സൂര്യവംശിയോടും അഭിഷേക് ശർമയോടും മത്സരമില്ലെന്നു വ്യക്തമാക്കി മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ അർധ സെഞ്ചറിയുമായി തിളങ്ങിയതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ആദ്യ മത്സരത്തിൽ നിറം മങ്ങിയ സഞ്ജുവിനു പകരം കൗമാര താരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ രണ്ടാം മത്സരത്തിലും ഓപ്പണിങ് കോംബിനേഷൻ‍ പൊളിക്കാൻ ടീം മാനേജ്മെന്റ് തയാറായില്ല.ടീം ലൈനപ്പിന്റെ കാര്യത്തിൽ ചില സീനിയർ താരങ്ങളുടെ പ്രതികരണങ്ങള്‍ കണ്ടിരുന്നെന്നും എന്നാൽ‍ ഇതും മനസ്സിൽവച്ച് കളിക്കാൻ സാധിക്കില്ലെന്നും സഞ്ജു പറഞ്ഞു. ‘‘ഞാൻ വൈഫൈ സ്വിച്ച് ഓഫ് ചെയ്തിടാൻ ശ്രമിക്കാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അത് ഓണാകും. അപ്പോൾ ഇത്തരം പ്രതികരണങ്ങളൊക്കെ കണ്ടു തുടങ്ങും. ചില സീനിയർ താരങ്ങൾ എന്തെങ്കിലുമൊക്കെ പറയും. ഇത് സാധാരണ കാര്യമാണെന്നാണു ഞാൻ കരുതുന്നത്. പുറത്തുനിന്നുള്ള ഇത്തരം ശബ്ദങ്ങൾ തീർച്ചയായും ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ ബാധിക്കും. പക്ഷേ ഈ ചിന്താഗതിയും വച്ച് കളിക്കാൻ സാധിക്കില്ല.’’– സഞ്ജു വ്യക്തമാക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കു തകർപ്പൻ തുടക്കമാണ് സഞ്ജു– അഭിഷേക് സഖ്യം നൽകിയത്. ഒരറ്റത്ത് അഭിഷേക് കത്തിക്കയറിയപ്പോൾ സഞ്ജു കരുതലോടെയാണ് നീങ്ങിയത്. പിന്നാലെ സഞ്ജുവും ടോപ് ഗീയറിലായതോടെ സ്കോർ ബോർഡ് കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 82 എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴാം ഓവറിൽ പന്തെടുത്ത റാഷിദ് ഖാനാണ്, അഭിഷേകിനെ പുറത്താക്കി റണ്ണൊഴുക്കിനു തടയിട്ടത്. ഓവറിലെ അവസാന പന്തിൽ സഞ്ജുവിനെയും വീഴ്ത്തിയ റാഷിദ് അഫ്ഗാൻ ക്യാംപിൽ നേരിയ പ്രതീക്ഷ പടർത്തി. 22 പന്തിൽ 7 ഫോറും 4 സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (11) റാഷിദിനു മുന്നിൽ വീണെങ്കിലും ഇഷാൻ കിഷൻ (23 പന്തിൽ 38 നോട്ടൗട്ട്)– തിലക് വർമ (14 പന്തിൽ 15 നോട്ടൗട്ട്) സഖ്യം മറ്റു പരുക്കുകളില്ലാതെ ഇന്ത്യയെ ലക്ഷ്യത്തിൽ എത്തിച്ചു.


Auto ⏭️

Back to top button