NEWS
ബിജെപി പുനഃസംഘടനയിൽ തലമുറമാറ്റം ഉണ്ടായില്ല; ഇനി മന്ത്രിസഭ അഴിച്ചുപണി

ന്യൂഡൽഹി ∙ ബിജെപിയുടെ സംഘടനാ നേതൃനിരയിലെ അഴിച്ചുപണിയിൽ മുഖങ്ങൾ പലതും മാറി. എന്നാൽ, തലമുറമാറ്റം എന്ന് പറയാനാവില്ല. അടുത്ത വർഷം ആദ്യ പകുതിയിൽ തിരഞ്ഞെടുപ്പു നടക്കുന്ന യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചുള്ള ജാതി പരിഗണനകളും വ്യക്തമാണ്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ട്രഷറർ സ്ഥാനത്തേക്കു കൊണ്ടുവന്നത് ഉടനെ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നതിന്റെ സൂചനയാണ്.ഒരാൾക്ക് ഒരു പദവിയെന്ന തത്വമാണ് പീയൂഷിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാമെന്ന വിലയിരുത്തലിന് പ്രേരിപ്പിക്കുന്നത്. പക്ഷേ, അതു കർശനമായി പാലിക്കപ്പെടുന്ന രീതിയില്ല. നേരത്തേ മന്ത്രിസ്ഥാനവും പാർട്ടിയുടെ ട്രഷറർ പദവിയും പീയൂഷ് വഹിച്ചിട്ടുണ്ട്. ജെ.പി.നഡ്ഡ പാർട്ടി അധ്യക്ഷപദവിയിൽ തുടരുമ്പോൾ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമായത് മറ്റൊരു ഉദാഹരണം.ജനറൽ സെക്രട്ടറി പദവിയിൽ ഇപ്പോൾ ദലിത് സാന്നിധ്യമില്ല. എന്നാൽ, തമിഴ്നാട്ടിലെ ദലിത് നേതാവ് ഡോ.എം.വെങ്കടേശനെ സെക്രട്ടറിയാക്കിയതും ബംഗാളിൽ താഴെത്തട്ടിലെ പ്രവർത്തനത്തിലൂടെ ശ്രദ്ധനേടിയ ഡോ.മധുചന്ദ്ര കറിനെ ഉപാധ്യക്ഷയാക്കിയതും എടുത്തുപറയാവുന്ന തീരുമാനങ്ങളാണ്. നേതൃനിരയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ അരുൺ സിങ്, തേജസ്വി സൂര്യ തുടങ്ങിയവർ മന്ത്രിസഭയിലെത്താൻ സാധ്യതയുണ്ട്.
Fashion ⏭️


