NEWS

‘ഇരിക്കുന്ന പദവിക്ക് നിരക്കാത്ത കാര്യമാണ് ചെയ്തത്, പാർട്ടിയിൽ പറയേണ്ടത് പുറത്തു പറയുന്നു; കേരളത്തിൽ പാർട്ടി ഇല്ല’


കണ്ണൂർ∙ യുഡിഎഫ് യോഗം വിളിക്കാതെയും തന്നെ അറിയിക്കാതെയുമാണു സർക്കാർ പ്രധാന തീരുമാനങ്ങൾ പോലും കൈക്കൊള്ളുന്നതെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ കോണ്‍ഗ്രസിലെ പല നേതാക്കൾക്കും അതൃപ്തി. അടൂർ പ്രകാശിനെ തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ അത് ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്ന കാര്യമാണോ എന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു. പത്രസമ്മേളനം നടത്താൻ ഇന്നലത്തെ ദിവസം തിരഞ്ഞെടുത്തത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിലവിൽ പാർട്ടിയില്ലെന്നും പാർട്ടിയിലെ നേതാക്കളെല്ലാം മന്ത്രിമാരാണെന്നും അദ്ദേഹം പറഞ്ഞു. ‘‘പല മന്ത്രിമാരേയും തെരുവിൽ തടയുകയാണ്. ഈ വിഷയത്തിലാകും യുഡിഎഫ് കൺവീനർ പത്രസമ്മേളനം വിളിച്ചതെന്നാണ് ഞാൻ കരുതിയത്. യുഡിഎഫുകാരെ ആക്രമിക്കുമ്പോൾ പ്രതിരോധം തീർക്കേണ്ട, അവർക്കെതിരെ പ്രത്യാക്രമണം നടത്തേണ്ട ആളാണ് യുഡിഎഫ് കൺവീനർ. എന്നാൽ ആ യുഡിഎഫ് കൺവീനർ ഇന്നലത്തെ ആ ദിവസം പത്രസമ്മേളനം നടത്താൻ തിരഞ്ഞെടുത്തത് പന്തിയുള്ള കാര്യമല്ല. ഇരിക്കുന്ന പദവിക്ക് നിരക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. എഐസിസിക്ക് പരാതി നൽകുമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അങ്ങനെയെങ്കിൽ അവർ ഉചിതമായി തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹം മുതിർന്ന നേതാവാണ്, അദ്ദേഹത്തെ നിയമിച്ചത് എഐസിസിയാണ്. അതുകൊണ്ട് അവർ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനറും മറ്റു നേതാക്കളുമായി ചർച്ച ചെയ്താണ് ഞാൻ തീരുമാനമെടുക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.


Fashion ⏭️

Back to top button