NEWS

6 കൊമ്പന്മാർക്കൊപ്പം ‘കണ്ണൂർ മഖ്ന’, 15 മണിക്കൂർ നീണ്ട നീക്കത്തിലൂടെ ഒറ്റപ്പെടുത്തി, പിന്നെ മയക്കുവെടി; മോഴയാന കൂട്ടിൽ


ഇരിട്ടി ∙ ആറളം ഫാമിനെയും പുനരധിവാസമേഖലയെയും വർഷങ്ങളായി ഭീതിയിലാക്കിയ മോഴയാന ‘കണ്ണൂർ മഖ്ന (കെഎം – 1)’ കൂട്ടിലായത് 15 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ. മയക്കുവെടിവച്ചു പിടികൂടിയ ആനയെ വയനാട് മുത്തങ്ങ ആന ക്യാംപിൽ പ്രത്യേകം തയാറാക്കിയ ആനക്കൊട്ടിലിലേക്കു മാറ്റും. പുലർച്ചെ 5.30നു നിരീക്ഷണസംഘം ആറളം ഫാം 13–ാം ബ്ലോക്ക് ഓടച്ചാൽ ഭാഗത്തു മോഴയാനയെ കണ്ടെത്തുമ്പോൾ 6 കൊമ്പന്മാരും ഒപ്പമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട നീക്കത്തിലൂടെ കൊമ്പന്മാരെ വേർപെടുത്തി മോഴയെ ഒറ്റപ്പെടുത്തിയെടുത്തു. രണ്ടുതവണ മയക്കുവെടി നൽകിയശേഷമാണു നിയന്ത്രണത്തിലായത്.വിക്രം, ഉണ്ണിക്കൃഷ്ണൻ, ഭാരത് എന്നീ കുങ്കിയാനകളുടെ സഹായത്തോടെ താങ്ങിനിർത്തിയ ആനയെ പുതിയതായി ഒരുക്കിയ റോഡിലൂടെ ലോറിയിലെത്തിച്ചു. കണ്ണുമൂടിക്കെട്ടി ഉന്നത വനപാലകരുടെ അകമ്പടിയോടെ മുത്തങ്ങയിലേക്കു കൊണ്ടുപോയി. ആനയുടെ ഒരു കാലിലും തുമ്പിക്കയ്യിലും മുറിവിന്റെ പാടുകൾ ശ്രദ്ധയിൽപെട്ടെന്നും ഇതു പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്നും ഡിഎഫ്ഒ പറഞ്ഞു. കുറച്ചു ദിവസങ്ങൾ ആനക്കൊട്ടിലിൽ പാർപ്പിച്ച് ആരോഗ്യപരിശോധനയ്ക്കുശേഷം റേഡിയോ കോളർ ഘടിപ്പിച്ചു വയനാട് വനമേഖലയിൽ തുറന്നുവിടാനാണു പദ്ധതി.


Fashion ⏭️

Back to top button