സിപിഎം – ബിജെപി ധാരണാ സമരം; ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസും രംഗത്തിറങ്ങേണ്ടി വരുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്

ടി ശരത് ചന്ദ്രപ്രസാദ്
തിരുവനന്തപുരം: കേരളത്തിലൊട്ടാകെ ഇപ്പോൾ നടക്കുന്ന അക്രമസമരം സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടി ശരത് ചന്ദ്രപ്രസാദ് ആരോപിച്ചു. വി ഡി സതീശൻ മുഖ്യമന്ത്രിയായി ചാർജെടുത്ത ദിവസം മുതൽ സിപിഎം ആരംഭിച്ച അക്രമ സമരങ്ങൾ ഇപ്പോൾ ബിജെപിയുമായി ചേർന്നുള്ള സംയുക്ത അക്രമ സമരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ യൂത്ത് കോൺഗ്രസ് സമരത്തെ അടിച്ചുതകർക്കാൻ എസ്എഫ്ഐ – ഡിവൈഎഫ്ഐ ഗുണ്ടകളെ സിപിഎം ഉപയോഗിച്ചത് ഉദാഹരണമാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മാറ്റാനും പിണറായിക്കും കുടുംബത്തിനും എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും, പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ നടപടിയെടുത്താൽ ഇതിലും വലിയ അക്രമം ഞങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കാനുമാണ് സിപിഎമ്മിന്റെ പൂർണ ഒത്താശയോടെ ഡിവൈഎഫ്ഐ സമരം നടത്തുന്നത്. ഇതേ ശൈലിയാണ് ബിജെപിയും അനുവർത്തിക്കുന്നത്.
ബിജെപിയുടെ യുവജന സംഘടനയെകൊണ്ട് മന്ത്രിമാരെ തടഞ്ഞിരുന്നവർ ഇപ്പോൾ 102 എംഎൽഎമാരെയും മന്ത്രിമാരെയും ചേർത്ത് തടയും എന്ന പുതിയ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും യുവമോർച്ചയും ഒരേസമയത്ത് ഒരേ രീതിയിൽ നടത്തുന്ന അക്രമസമരങ്ങൾ കേരളത്തിന്റെ ക്രമസമാധാനത്തെ തകർക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ്. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകരും രംഗത്തിറങ്ങേണ്ടി വരും.
തിരുവനന്തപുരം യൂണിവേഴ്സിസിറ്റി ഹോസ്റ്റലിൽ പൊലീസ് എത്തിയപ്പോൾ തടയാൻ മുതിർന്ന സിപിഎം നേതാക്കന്മാർ ഹോസ്റ്റലിനുമുമ്പിൽ ഉപരോധിച്ച് ഇരുന്നത് ഹോസ്റ്റലിനകത്തുള്ള സാമൂഹിക വിരുദ്ധരെയും ആയുധശേഖരവും പുറംലോകം അറിയാതിരിക്കാൻ വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഏർപ്പെടുത്തിയ അന്വേഷണത്തിൽ യൂണിവേഴ്സിസിറ്റി ഹോസ്റ്റലിലെ ദൈനംദിന കാര്യങ്ങളെ കുറിച്ചുകൂടി റിപ്പോർട്ട് ആവശ്യപ്പെടണം. സിപിഎമ്മിന്റെ ജില്ലയിലെ അറിയപ്പെടുന്ന സാമൂഹ്യവിരുദ്ധർ താമസിക്കുന്നതും ആയുധങ്ങൾ സൂക്ഷിക്കുന്നതും ഇവിടെയാണ്.
മന്ത്രി ഷാജി ഔദ്യോഗിക വാഹനത്തിൽ നിന്നുമിറങ്ങി ഓട്ടോറിക്ഷയിൽ കയറാൻ ഉണ്ടായ സാഹചര്യം ആഭ്യന്തരവകുപ്പ് ഗൗരവമായി എടുക്കണം. മന്ത്രിമാരെ തടയുന്ന ബിജെപിക്കാരോട് ചില പൊലീസുകാർ കാണിക്കുന്ന മൃദുസമീപനം ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കന്മാർ നടത്തിയ കൊലവിളി പ്രസംഗം പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. പരസ്യമായി സെക്രട്ടറിയേറ്റിന്റെ മുമ്പിൽ കെഎസ്യുവിന്റെ കൊടി തോരണങ്ങൾ കൊണ്ടിട്ട് കത്തിക്കുന്നത് പോലും പൊലീസ് നോക്കി നിൽക്കുന്ന സാഹചര്യമാണുള്ളത്.
സിപിഎം – ബിജെപി സംയുക്ത അക്രമസമര ആഭാസത്തെ കോൺഗ്രസ് പാർട്ടി ഗൗരവമായി കാണുന്നതാണ്. ഈ സാഹചര്യം വിലയിരുത്തുവാൻ കോൺഗ്രസ് നേതൃയോഗവും യുഡിഎഫ് നേതൃയോഗവും അടിയന്തരമായി കൂടി കർശന നിലപാടുകളിലേക്ക് നീങ്ങണം’- ശരത്ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.
RELATED TOPICS: T SARATH CHANDRAPRASAD, CPM BJP KERALA, സിപിഎം ബിജെപി ധാരണ, KERALA POLITICAL VIOLENCE, CONGRESS KERALA
Read News ⏭️




