NEWS
മലപ്പുറത്തേക്ക് മുഖ്യമന്ത്രിയുടെ യാത്ര ചാർട്ടേഡ് വിമാനത്തിൽ; സൗജന്യമായി ലഭിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ

തിരുവനന്തപുരം∙ മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ മലപ്പുറത്തേക്കുള്ള യാത്ര ചാർട്ടേഡ് വിമാനത്തിൽ. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പോയത്. പൊലീസ് ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും സർക്കാർ അത് പുതുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്.അതേസമയം, കരിപ്പൂരിലേക്കു പോകാൻ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അടിയന്തര ആവശ്യമായതിനാൽ സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്ത് സ്വകാര്യ വിമാനം സൗജന്യമായാണു ലഭിച്ചതെന്നും സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചത്.
Fashion ⏭️




