ഡബ്ല്യുപിഎൽ ലേലം: സോഫി മോളിന്യൂവിന് വമ്പൻ തുക, യുപി വോറിയേഴ്സിലേക്ക് ആശാ ശോഭന; ശ്രദ്ധ നേടി 15കാരി ഉമ കാശ്വിയും

കൊച്ചി∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) മിനി ലേലത്തിൽ ഓസ്ട്രേലിയൻ ടീം നായികയും മികച്ച ഓൾറൗണ്ടറുമായ സോഫി മോളിന്യൂവിനെ 1.10 കോടി രൂപ മുടക്കി യുപി വാരിയേഴ്സ് തങ്ങളുടെ പാളയത്തിലെത്തിച്ചു. 50 ലക്ഷം രൂപയായിരുന്നു ഈ താരത്തിന്റെ അടിസ്ഥാന ലേലത്തുക. ഇന്ത്യൻ താരങ്ങളിൽ ലേലത്തിൽ തിളങ്ങിയത് മഹാരാഷ്ട്രയിൽ നിന്നുള്ള മലയാളി സാന്നിധ്യമായ കിരൺ നവ്ഗിരെയാണ്. 40 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ പുണെക്കാരിയെ 75 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
ലേലത്തിലൂടെ 7 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 25 പേരെയാണ് വിവിധ ടീമുകൾ ടീമിൽ എത്തിച്ചത്. വിവിധ വിഭാഗങ്ങളിലായി 119 ഇന്ത്യൻ താരങ്ങളും 27 വിദേശ താരങ്ങളും ലേലപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, ലേലത്തിന് യോഗ്യത നേടിയ മലയാളി താരങ്ങളായ പേസർ വി.ജെ. ജോഷിത (വയനാട്), ഓൾറൗണ്ടർ ദിവ്യ ഗണേഷ് (കാസർകോട്) എന്നിവർക്ക് ആരും അവസരം നൽകിയില്ല. ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ (8 പേർ) ടീമിലെടുത്തത് യുപി വാരിയേഴ്സാണ്.




