SPORTS

ഡബ്ല്യുപിഎൽ ലേലം: സോഫി മോളിന്യൂവിന് 1.10 കോടി, യുപി വോറിയേഴ്‌സിലേക്ക് ആശാ ശോഭന; ഉമ കാശ്വിക്ക് വമ്പൻ നേട്ടം

കൊച്ചി∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) മിനി ലേലത്തിൽ ഓസ്ട്രേലിയൻ നായികയും ഓൾറൗണ്ടറുമായ സോഫി മോളിന്യൂവിനെ 1.10 കോടി രൂപയ്ക്കാണ് യുപി വാരിയേഴ്സ് ടീമിലെത്തിച്ചത്. 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് മഹാരാഷ്ട്ര സ്വദേശിനിയും കേരളത്തിന് വേണ്ടി ടി20 മത്സരങ്ങളിൽ കളിക്കുന്ന കിരൺ നവ്ഗിരെക്കാണ്. 40 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ പുണെക്കാരിയെ 75 ലക്ഷം രൂപ മുടക്കി ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ കൂടാരത്തിലെത്തിച്ചു.

ഏഴ് വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 25 പേരെയാണ് ലേലത്തിലൂടെ വിവിധ ടീമുകൾ സ്വന്തമാക്കിയത്. വിവിധ വിഭാഗങ്ങളിലായി 119 ഇന്ത്യൻ താരങ്ങളും 27 വിദേശ താരങ്ങളുമാണ് ലേലപ്പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ, ലേലത്തിൽ പങ്കെടുത്ത മലയാളി താരങ്ങളായ വയനാട്ടിൽ നിന്നുള്ള പേസർ വി.ജെ. ജോഷിത, കാസർകോട് നിന്നുള്ള ഓൾറൗണ്ടർ ദിവ്യ ഗണേഷ് എന്നിവരെ ആരും വിളിച്ചെടുത്തില്ല. ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ (8 പേരെ) സ്വന്തമാക്കിയത് യുപി വാരിയേഴ്സ് ആണ്.

Auto ⏭️

Back to top button