NEWS
‘നിങ്ങൾ നുണയന്മാരുടെ കൂട്ടം’: യുപി പൊലീസിനെ രൂക്ഷമായി വിമർശിച്ച് അലഹാബാദ് ഹൈക്കോടതി

ലക്നൗ ∙ ‘നിങ്ങൾ നുണയന്മാരുടെ കൂട്ടമാ’ണെന്ന വിമർശനത്തോടെ യുപി പൊലീസിനെ അലഹാബാദ് ഹൈക്കോടതി വീണ്ടും നിർത്തിപ്പൊരിച്ചു. 4 പേരെ 10 ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽവച്ചെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിലാണു ദേവ്റിയയിലെ ഗൗരി ബസാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മലയാളി ജഡ്ജി അതുൽ ശ്രീധർ കടുത്ത വിമർശനം നടത്തിയത്.ദേവ്റിയ എസ്പി കോടതിയിൽ മാപ്പുപറയാൻ ശ്രമിച്ചെങ്കിലും കോടതിയോടല്ല, ജനങ്ങളോടാണു മാപ്പു പറയേണ്ടതെന്നു ജഡ്ജി നിർദേശിച്ചു. 4 പേരെ അനധികൃത തടങ്കലിൽ വച്ചതിന് എസ്എച്ച്ഒയുടെ ശമ്പളത്തിൽനിന്ന് 65,000 രൂപ 4 പേർക്കുമായി നഷ്ടപരിഹാരം നൽകാനും വിധിച്ചു. ദേശസുരക്ഷാ നിയമം ചുമത്തി, നോയിഡയിൽ ആകൃതി ചൗധരിയെന്ന വിദ്യാർഥിനിയെ അനധികൃതമായി തടങ്കലിലിട്ടതിനു കലക്ടറും പൊലീസും ഉൾപ്പെടെ 5 ലക്ഷം രൂപ ശമ്പളത്തിൽ നിന്നു നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച് ദിവസങ്ങൾക്കുള്ളിലാണിത്.
Fashion ⏭️


