NEWS

നിലമ്പൂർ–ഷൊർണൂർ പാതയിൽ വിസ്റ്റഡോം കോച്ച് വരുന്നു

മലപ്പുറം ∙ കൊല്ലം–ചെങ്കോട്ട റെയിൽവേ പാതയിൽ വിസ്റ്റഡോം കോച്ചുകൾ സഞ്ചാരികളുടെ മനം കവർന്ന് മുന്നേറുമ്പോൾ, പ്രകൃതിഭംഗി തുളുമ്പുന്ന നിലമ്പൂർ–ഷൊർണൂർ റൂട്ടിൽ സമാനമായ സൗകര്യത്തിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്. ഈ പാത വിസ്റ്റഡോം കോച്ചുകളുടെ സർവീസിന് അനുയോജ്യമാണെന്ന് കാണിച്ച് പാലക്കാട് ഡിവിഷൻ അധികൃതർ മുൻപേ റിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്. എന്നാൽ, അഞ്ച് വർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനവും കൈക്കൊള്ളാൻ റെയിൽവേ തയ്യാറായിട്ടില്ല.

കഴിഞ്ഞ മാസമാണ് കൊല്ലം–ചെങ്കോട്ട പാതയിലൂടെ സർവീസ് നടത്തുന്ന മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് ഉൾപ്പെടുത്തിയത്. കേരളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. വിനോദസഞ്ചാര മേഖലകൾക്ക് കൂടുതൽ ഉണർവേകുക എന്ന ലക്ഷ്യത്തോടെ 2017 മുതലാണ് റെയിൽവേ ഇത്തരം അത്യാധുനിക കോച്ചുകൾ അനുവദിച്ചു തുടങ്ങിയത്.

യാത്രക്കാർക്ക് ചുറ്റുമുള്ള കാഴ്ചകൾ 360 ഡിഗ്രിയിൽ ആസ്വദിക്കാൻ സാധിക്കുമെന്നതാണ് വിസ്റ്റഡോം കോച്ചുകളുടെ പ്രധാന ആകർഷണം. മേൽക്കൂരയിലും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വലിയ ഗ്ലാസ് പാനലുകൾ കാഴ്ചകൾ തടസ്സമില്ലാതെ കാണാൻ അവസരമൊരുക്കുന്നു. വിശാഖപട്ടണം–അരക്കുവാലി റൂട്ടിലാണ് രാജ്യത്ത് ആദ്യമായി ഈ സൗകര്യം നിലവിൽ വന്നത്. കൂടാതെ, പശ്ചിമഘട്ടത്തിന്റെ മനോഹാരിത വിളിച്ചോതുന്ന യശ്വന്ത്പുര–മംഗളൂരു റൂട്ടിലും ഇപ്പോൾ വിസ്റ്റഡോം കോച്ചുകൾ ഓടുന്നുണ്ട്. വിസ്റ്റഡോം കോച്ചുകൾ ഓടിക്കാൻ സാധിക്കുന്ന പാതകളുടെ വിവരശേഖരണം നടത്താൻ നേരത്തേ റെയിൽവേ മന്ത്രാലയം വിവിധ ഡിവിഷനുകൾക്ക് നിർദേശം നൽകിയിരുന്നു.

Fashion ⏭️

Back to top button