കേരള ചരിത്രത്തിൽ റബർ കർഷകർക്ക് റെക്കോർഡ് നേട്ടം: വരും മാസങ്ങളിൽ വിപണിയിൽ വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നു

പ്രതീകാത്മക ചിത്രം
കാളികാവ് : കേരളത്തിന്റെ റബർ ചരിത്രത്തിൽ ആദ്യമായാണ് കിലോയ്ക്ക് 300 രൂപ എന്ന നാഴികക്കല്ല് പിന്നിടുന്നത്. റബർ കൃഷി വ്യാപകമായ ശേഷം ഇത്രയും ഉയർന്ന വിപണി വില മുൻപൊരിക്കലും ഉണ്ടായിട്ടില്ല. നിലവിൽ ആർ.എസ്.എസ് ഗ്രേഡ് വൺ റബറിന് കിലോയ്ക്ക് 298 മുതൽ 300 രൂപ വരെയാണ് വിപണി നിരക്ക്. അഞ്ചാം ഗ്രേഡ് റബറിന് 292 രൂപയും, 60 ശതമാനം ഡി.ആർ.സി ഉള്ള റബർ പാലിന് 195 രൂപയും, ഒട്ടുപാലിന് 217 രൂപയുമാണ് നിലവിലെ വില. പ്രാദേശിക വിപണികളിൽ ചെറിയ തോതിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകാം. 2011-ൽ രേഖപ്പെടുത്തിയ 248 രൂപയായിരുന്നു ഇതിനു മുൻപ് കേരളത്തിൽ റബറിന് ലഭിച്ചിരുന്ന റെക്കോർഡ് വില.
കഴിഞ്ഞ കുറെ കാലമായി വരുമാനവും ചെലവും തമ്മിലുള്ള വലിയ അന്തരം കാരണം കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. എന്നാൽ, ഇപ്പോൾ വിപണിയിലെ കടുത്ത ദൗർലഭ്യവും സ്വാഭാവിക റബറിന്റെ ഉത്പാദനത്തിൽ വന്ന ഇടിവുമാണ് വില വർധനവിന് വഴിയൊരുക്കിയത്. രാജ്യത്താകമാനം ലക്ഷക്കണക്കിന് മെട്രിക് ടൺ റബറിന്റെ ഉത്പാദനക്ഷാമം നേരിടുന്നുണ്ട്.
വാഹന നിർമ്മാണ മേഖലയിലും ടയർ വ്യവസായങ്ങളിലും റബറിനുള്ള ആവശ്യം വർധിച്ചതും വിപണിക്ക് വലിയ ഊർജ്ജം പകർന്നു. സംസ്ഥാനത്ത് ഇനി റബർ ഉത്പാദന സീസൺ ആരംഭിക്കുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ റബർ കൃഷിയുടെ ചെലവ് ഏകദേശം 50 ശതമാനത്തോളം വർധിച്ച സാഹചര്യത്തിൽ, ഇപ്പോഴത്തെ ഈ മികച്ച വില സീസണിൽ ഉടനീളം നിലനിർത്താനായാൽ കർഷകർക്ക് വലിയ ആശ്വാസമാകും.
ആഗോളകാരണങ്ങളും
ഇറക്കുമതിയിലുണ്ടായ പ്രതിസന്ധികളും വർധിച്ച ചെലവും റബർ വില ഉയരുന്നതിന് കാരണമായി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കടൽമാർഗമുള്ള ചരക്കുനീക്കത്തിനുള്ള തടസ്സങ്ങളും വിദേശത്തുനിന്ന് റബറെത്തിക്കുന്നത് കൂടുതൽ ചെലവേറിയതാക്കി. ഇത് ആഭ്യന്തര വിപണിക്ക് ഗുണകരമായി മാറി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് കൃത്രിമ റബറിന്റെ നിർമ്മാണച്ചെലവ് കൂട്ടി. ഇതോടെ ടയർ കമ്പനികൾ സ്വാഭാവിക റബറിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്ലൻഡിലും ഇന്തോനേഷ്യയിലും മോശം കാലാവസ്ഥയും ശക്തമായ മഴയും കാരണം റബർ ഉത്പാദനം കുറഞ്ഞതും വിലവർധനവിന് ആക്കം കൂട്ടി.
ഇനം വില(കിലോയ്ക്ക്)
ആർ.എസ്.എസ് ഗ്രേഡ് വൺ
298-300
ഗ്രേഡ് അഞ്ച് 292
റബർപാൽ (60 ശതമാനം ഡി.ആർ.സി) 195,
ഒട്ടുപാൽ 217




