FASHION

മുടി വേഗത്തിൽ ഇടതൂർന്നു വളരാൻ കുളിക്കുന്നതിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

കേശാലങ്കാരത്തിന്റെ ഭാഗമായി തലയിൽ എണ്ണ പുരട്ടുന്നത് പാരമ്പര്യമായി നാം പിന്തുടരുന്ന ഒരു രീതിയാണ്. വെളിച്ചെണ്ണയും ബദാം ഓയിലും ആവണക്കെണ്ണയുമെല്ലാം ഇതിനായി പതിവായി ഉപയോഗിക്കാറുണ്ട്. ചിലരാകട്ടെ, മുടിയുടെ ആരോഗ്യത്തിന് ഉതകുന്ന ഔഷധസസ്യങ്ങൾ കൂടി ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്നവരാണ്. എന്നാൽ എണ്ണ തേക്കുന്നതിനെക്കുറിച്ചും അതിന്റെ സമയക്രമത്തെക്കുറിച്ചും പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. യഥാർത്ഥത്തിൽ എണ്ണ തേക്കാൻ ഒരു നിശ്ചിത സമയം എന്നൊന്നില്ല. മറിച്ച്, ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരവും അതിലെ ഘടകങ്ങളും എത്രനേരം തലയിൽ വെക്കുന്നു എന്നതുമാണ് മുടിക്ക് ലഭിക്കുന്ന ഗുണഫലങ്ങളെ നിർണ്ണയിക്കുന്നത്.

കുളിക്കുന്നതിന് ഏകദേശം അരമണിക്കൂർ മുമ്പ് എണ്ണ തേക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് ഭൂരിഭാഗം വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇത്രയും സമയം എണ്ണയുടെ ഗുണങ്ങൾ മുടിയിഴകളിൽ ആഗിരണം ചെയ്യാൻ ധാരാളമാണ്. അമിതമായി ദീർഘനേരം എണ്ണ തലയിൽ വെക്കുന്നത് ചിലർക്കെങ്കിലും ജലദോഷം, നീരിറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമായേക്കാം. കൂടാതെ, തലയോട്ടിയിൽ അമിതമായി എണ്ണമയം കെട്ടിക്കിടക്കുന്നത് താരൻ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തും. അതിനാൽ ആവശ്യമായ സമയം മാത്രം എണ്ണ പുരട്ടി ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം എണ്ണ ഉപയോഗിക്കുന്നതാണ് മുടിയുടെ സംരക്ഷണത്തിന് ഏറ്റവും നല്ലത്.

മുടി കഴുകുന്നതിന് പ്രത്യേക സമയക്രമം ഒന്നുമില്ല. സൗകര്യമനുസരിച്ച് രാവിലെയായോ രാത്രിയായോ മുടി വൃത്തിയാക്കാവുന്നതാണ്. എന്നാൽ കുളിച്ചതിന് ശേഷം മുടി നന്നായി ഉണക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നനവോടെ ഉറങ്ങാൻ കിടക്കുന്നത് മുടി പൊട്ടിപ്പോകുന്നതിനും താരൻ വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കാം.

Health ⏭️

Back to top button