NEWS

പെൺസുഹൃത്തിനൊപ്പം പോയതിന് ക്രൂരമർദനം: ഓച്ചിറയിൽ സഹപാഠികളുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്; പരാതിയുമായി കുടുംബം

ഓച്ചിറ∙ ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികളായ ഏഴംഗ സംഘം ക്രൂരമായി മർദിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർഥിക്കാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാർഥിയുടെ വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റു. കൂടാതെ മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും മർദനമേറ്റതിന്റെ പാടുകളുണ്ട്.

ഈ മാസം 13-ന് സ്കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം നടന്നത്. വിദ്യാർഥിയെ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. ദൃശ്യങ്ങൾ കണ്ട രക്ഷിതാക്കൾ ഉടൻ തന്നെ ഓച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്കൂളിലെ മറ്റൊരു വിദ്യാർഥി പെൺകുട്ടിയോടൊപ്പം പോയപ്പോൾ പ്രതികളിലൊരാൾ തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട് അന്ന് വിദ്യാർഥികൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്കൂളിന് സമീപത്തുവെച്ച് വിദ്യാർഥിയെ തടഞ്ഞുനിർത്തി മർദിച്ചത്. മുഖത്തടിച്ച ശേഷം നിലത്തിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. പ്രദേശവാസികൾ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം പിൻമാറിയത്.

മർദനത്തിൽ കൈക്ക് പരുക്കേറ്റ വിദ്യാർഥി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ഡോക്ടർ കൈക്ക് പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. എന്നാൽ, വീട്ടിലെത്തുന്നതിന് മുൻപ് പ്ലാസ്റ്റർ അഴിച്ചുമാറ്റിയ വിദ്യാർഥി, സൈക്കിളിൽ നിന്ന് വീണാണ് പരുക്കേറ്റതെന്ന് വീട്ടുകാരോട് നുണ പറയുകയായിരുന്നു.

Fashion ⏭️

Back to top button